‘63 സീറ്റിൽ’ തലപുകഞ്ഞ് കോൺഗ്രസ്, അറിയാൻ സിപിഎമ്മിനും താൽപര്യം; വിശദീകരിക്കാൻ വിസമ്മതിച്ച് സതീശൻ

Mail This Article
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പറഞ്ഞ ആ 63 നിയമസഭാ സീറ്റുകൾ ഏതെന്ന ചർച്ചയിൽ കോൺഗ്രസ്. പറഞ്ഞതു പൂർത്തിയാക്കാൻ യോഗത്തിൽ സതീശനു കഴിഞ്ഞില്ല.
പിന്നീട് ഇക്കാര്യം നേതാക്കളോടു വിശദീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. സർവേയുടെ അടിസ്ഥാനത്തിലല്ല, സമീപകാല തിരഞ്ഞെടുപ്പുകൾ പരിശോധിച്ച് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ കണക്കാണു യോഗത്തിൽ വച്ചതെന്നാണു വിവരം. മണ്ഡലങ്ങളറിയാനുള്ള താൽപര്യം സിപിഎമ്മിനുമുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 93 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 സീറ്റിലാണു ജയിച്ചത്. ഇതുൾപ്പെടെ 63 സീറ്റുകളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നായിരുന്നു സതീശന്റെ നിർദേശം. പട്ടികയും കയ്യിലുണ്ട്. ഇപ്പോൾ ജയിച്ച മണ്ഡലങ്ങൾ ഏതു പ്രതികൂല കാലാവസ്ഥയിലും കോൺഗ്രസ് ജയിക്കുന്നവയാണ്. മറ്റു 42 മണ്ഡലങ്ങൾ ഓരോ പ്രധാന നേതാവും ഏറ്റെടുക്കണമെന്ന ആശയമാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്.
സർവേ തുടങ്ങി കനുഗോലു ടീം
പ്രതിപക്ഷ നേതാവോ, അദ്ദേഹത്തിന്റെ ഓഫിസോ സ്വന്തം നിലയ്ക്കു സർവേകളൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തു രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീം നടത്തിയ പരിശോധനയിൽ നിയമസഭാ മണ്ഡലങ്ങളെ വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ പല കള്ളികളിലാക്കിയിരുന്നു. ഈ റിപ്പോർട്ട് പക്ഷേ എവിടെയും ഔദ്യോഗികമായി നൽകിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട്, നാലു ഘട്ടങ്ങളിലായുള്ള സർവേക്കു കനുഗോലുവിന്റെ ടീം തുടക്കമിട്ടിട്ടേയുള്ളൂ.