കരാർ കാലാവധി ജൂൺ വരെ മാത്രം: മെഡിസെപ് ദീർഘിപ്പിക്കൽ ഇഴയുന്നു

Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ദീർഘിപ്പിക്കാനുള്ള നടപടികൾ മെല്ലെപ്പോക്കിൽ. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് 3 വർഷത്തേക്കു നൽകിയ കരാർ ജൂണിൽ അവസാനിക്കും. പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ പാക്കേജ് മുതൽ പ്രീമിയം വരെ വിവിധ കാര്യങ്ങൾ പരിഷ്കരിച്ച ശേഷം കരാർ ക്ഷണിക്കണം. പക്ഷേ നടപടികളെല്ലാം മന്ദഗതിയിലാണ്. ശ്രീറാം വെങ്കിട്ടരാമൻ ചെയർമാനായ മെഡിസെപ് പരിഷ്കരണ കമ്മിറ്റി ഡിസംബർ 17നു യോഗം ചേർന്ന് പദ്ധതിയുടെ നിലവിലെ പ്രശ്നങ്ങൾ പഠിക്കാൻ വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ഇപ്പോഴത്തെ കരാറിൽ പല പാക്കേജുകളും പൂർണമല്ലെന്നതിനാൽ പലരും സ്വന്തം ചെലവിൽ ചികിത്സിക്കേണ്ടി വരുന്നതിനെപ്പറ്റി ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. കോവിഡിനു ശേഷം ഒട്ടേറെ രോഗങ്ങളുടെ ചികിത്സാ രീതി മാറി. പരിശോധനകളും വർധിച്ചു. ഇവയെല്ലാം പരിഗണിച്ചേ പുതിയ പാക്കേജുകൾ തയാറാക്കാൻ പറ്റൂ. കൂടുതൽ സ്വകാര്യ ആശുപത്രികളെ മെഡിസെപ്പിൽ എംപാനൽ ചെയ്യണം. പ്രധാനപ്പെട്ട ഒട്ടേറെ സ്വകാര്യ ആശുപത്രികൾ ഇപ്പോൾ പദ്ധതിയുമായി സഹകരിക്കുന്നില്ല. ഇതിനായി മാനേജ്മെന്റുകളോടുള്ള ചർച്ചയും പുരോഗമിക്കുന്നില്ല.
പ്രീമിയം ഉയർത്തണമെങ്കിൽ സർവീസ്, പെൻഷൻ സംഘടനകളുമായി ധാരണയിൽ എത്തണം. നിലവിൽ മാസം 500 രൂപയാണ് പ്രീമിയം. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിക്കാണ് ടെൻഡറിൽ പങ്കെടുക്കാൻ ഇപ്പോൾ അവസരം. സ്വകാര്യ കമ്പനികളെ കൂടി പങ്കെടുപ്പിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. പക്ഷേ സർക്കാർ നയപരമായ തീരുമാനം എടുക്കണം. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചു വേണം ടെൻഡർ നടപടികളിലേക്കു കടക്കാൻ. കരാർ സമർപ്പിക്കുന്നതിനു മാത്രം 45 ദിവസം അനുവദിക്കണം. നിലവിലെ മെല്ലെപ്പോക്കു തുടർന്നാൽ ജൂണിൽ കരാർ ഉറപ്പിക്കാൻ സാധിക്കില്ലെന്നു ധന വകുപ്പിലെ ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്.
∙ മെഡിസെപ്പിലെ അംഗങ്ങൾ
ജീവനക്കാരും അധ്യാപകരും: 5,50,380.
പെൻഷൻകാർ: 5,90,182
പരിരക്ഷ ലഭിക്കുന്ന അംഗങ്ങളും ആശ്രിതരും: 30,79,944.
∙ എംപാനൽഡ് ആശുപത്രികൾ: 628
സർക്കാർ ആശുപത്രികൾ: 145
സ്വകാര്യ ആശുപത്രികൾ: 471
കേരളത്തിനു പുറത്തുള്ള ആശുപത്രികൾ: 12