കോഴിക്കോട്ടെ കസേരകളി കഴിഞ്ഞു; ആശാദേവി തന്നെ ഡിഎംഒ

Mail This Article
കോഴിക്കോട് ∙ തർക്കം അവസാനിപ്പിച്ചുകൊണ്ട് കോഴിക്കോട് ഡിഎംഒ ആയി ഡോ. ആശാദേവിയെ നിയമിച്ച് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി. നിലവിലെ ഡിഎംഒ ഡോ. എൻ.രാജേന്ദ്രനെ ആരോഗ്യ വകുപ്പ് അഡിഷനൽ ഡയറക്ടർ (വിജിലൻസ്) ആയി തിരുവനന്തപുരത്തു നിയമിച്ചു.
-
Also Read
കുട്ടികളടങ്ങിയ വാഹനമോഷണ സംഘം പിടിയിൽ
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം ഡിസംബർ 9ന് പുറപ്പെടുവിച്ച സ്ഥലംമാറ്റ പട്ടികയെപ്പറ്റി 7 അഡിഷനൽ ഡയറക്ടർമാരിൽനിന്നു വിശദീകരണം കേട്ട ശേഷമാണ് പുതിയ ഉത്തരവിറക്കിയത്. കോഴിക്കോട്ട് കസേരകളിക്കും നിയമയുദ്ധത്തിനും മുൻ ഉത്തരവ് ഇടവരുത്തിയിരുന്നു. ഈ ഉത്തരവനുസരിച്ച് എറണാകുളം ഡിഎംഒയായിരുന്ന ഡോ. ആശാദേവി 10ന് കോഴിക്കോട് ഡിഎംഒയായി ചുമതലയേറ്റു. അതോടെ കോഴിക്കോട്ട് ഡിഎംഒ ആയിരുന്ന ഡോ. രാജേന്ദ്രൻ ഉൾപ്പെടെ 3 പേർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. പരാതിക്കാരുടെ വാദം കേട്ട ശേഷം ഒരു മാസത്തിനകം പുതിയ ഉത്തരവ് ഇറക്കണമെന്നും അതുവരെ സ്ഥലംമാറ്റം നടപ്പാക്കരുതെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. ഇതേ തുടർന്ന് രാജേന്ദ്രൻ 13ന് ഡിഎംഒയായി ചുമതലയേറ്റു.
ഇതിനെതിരെ ആശാദേവി ട്രൈബ്യൂണലിനെ സമീപിച്ചു. അനുകൂല വിധിയുണ്ടെന്നു കാണിച്ച് അവർ ഡിഎംഒയായി രാജേന്ദ്രന് അഭിമുഖമായി ഇരുന്നു. ഇതോടെ ഒരു പദവിയിൽ 2 പേർ മുഖാമുഖം ഇരിക്കുന്ന സ്ഥിതിയായി.
ഇതിനെതിരെ രാജേന്ദ്രൻ അടക്കം 3 പേർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതു പ്രകാരം രാജേന്ദ്രൻ ഡിഎംഒയായി വീണ്ടും ചുമതലയേറ്റു. കേസ് ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിക്കവേയാണ് ആശാദേവിയെ കോഴിക്കോട് ഡിഎംഒയായി നിയമിച്ച് പുതിയ ഉത്തരവ് ഇറക്കിയത്.
മാതാപിതാക്കളുടെയും ഭർത്താവിന്റെയും രോഗാവസ്ഥയും വിരമിക്കാൻ ഒന്നര വർഷമേ ബാക്കിയുള്ളു എന്നതും കണക്കിലെടുത്താണ് ആശാദേവിക്ക് ഹോം സ്റ്റേഷനായ കോഴിക്കോട്ടേക്കു നിയമനം നൽകിയതെന്ന് ഉത്തരവിൽ പറയുന്നു. മകളുടെ പഠനത്തിനായി കോഴിക്കോട് നിൽക്കണമെന്നാണു രാജേന്ദ്രൻ അഭ്യർഥിച്ചിരുന്നത്. എന്നാൽ രാജേന്ദ്രന്റെ മകൾ ഇപ്പോൾ മറ്റൊരു സംസ്ഥാനത്താണു പഠനം നടത്തുന്നതെന്ന് ഉത്തരവിൽ പറയുന്നു. വിജിലൻസ് വിഭാഗം അഡിഷനൽ ഡയറക്ടറായിരുന്ന ഡോ.കെ.സക്കീനയെ ടിബി അഡിഷനൽ ഡയറക്ടറാക്കി. എറണാകുളത്ത് ആശാദേവിയുടെ ഒഴിവിൽ കൊല്ലം മുൻ ഡിഎംഒ ഡോ.എ.അനിതയ്ക്കാണു നിയമനം.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ സഹകരിച്ചില്ല; ഡിഎംഒയ്ക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂരിൽ വിമാനമിറങ്ങിയപ്പോൾ ഒരുക്കങ്ങളിൽ സഹകരിക്കാതിരുന്ന കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫിസറെ (ഡിഎംഒ) 5 മാസത്തിനുശേഷം സ്ഥലം മാറ്റി. ഡോ.എം.പീയുഷിനു കൊല്ലം ഡിഎംഒ ആയാണു നിയമനം നൽകിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി ഓഗസ്റ്റ് 8നു ചേർന്ന യോഗത്തിൽ ഡോ.പീയുഷ് പങ്കെടുത്തില്ല. സുരക്ഷാ സംഘത്തിനൊപ്പം ഉണ്ടാകേണ്ട ഡോക്ടർമാരുടെയും ജീവനക്കാരുടെയും പട്ടിക വൈകിപ്പിച്ചു. പിറ്റേന്നു സുരക്ഷാറിഹേഴ്‍സലിൽ ആരോഗ്യ വകുപ്പിൽ നിന്ന് ആരും സഹകരിച്ചില്ല.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നു ജില്ലാ കലക്ടർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും അപ്പോൾ നടപടിയൊന്നും സ്വീകരിച്ചില്ല. ഇന്നലെ ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവിലാണു പീയുഷിനെതിരായ കുറ്റങ്ങൾ വിശദമാക്കിയിട്ടുള്ളത്. പീയുഷിന്റെ ഒഴിവിൽ അഡിഷനൽ ഡയറക്ടർ (ടിബി) ഡോ.രാജാറാം കിഴക്കേകണ്ടിയിലിനെ നിയമിച്ചു.