ഉയരട്ടെ, സഭയിലും ഒരു വാഴ്ത്തുപാട്ട്

Mail This Article
പുറത്ത് വാഴ്ത്തുപാട്ടു തകർക്കുമ്പോൾ അകത്തും അതിന്റെ കുറവ് പാടില്ല എന്നേ എച്ച്.സലാം ചിന്തിച്ചുള്ളൂ. മുഖ്യമന്ത്രി പിണറായി വിജയനോടുളള ആരാധന കലശലായി കവിത താനും രചിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. എങ്കിൽ പാടിക്കൂടേ എന്നായി ആരാധക സംഘം. ആ നിർബന്ധം മുൻകൂട്ടി കണ്ടതു കൊണ്ടു തന്നെ സലാം കടലാസെടുത്തു.
-
Also Read
കുട്ടികളിൽ വോക്കിങ് ന്യുമോണിയ പടരുന്നു
‘ശിഖരങ്ങൾ മുറിയാത്ത മലയാണ് നീ, നീരുറവ വറ്റാത്ത പുഴയാണ് നീ
തളരും മനുഷ്യന്റെ മനസ്സിനുള്ളിലെ അണയാത്ത വിളക്കാണ് നീ’
കേരള മുഖ്യമന്ത്രിയെക്കുറിച്ച് ഒരു എംഎൽഎ രചിച്ച കവിത ആദ്യമായി കേട്ട് സഭാതലം കോരിത്തരിച്ചു!
‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്, അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്’ എന്ന പി.ഭാസ്കരന്റെ വരികൾ പിണറായി വിജയൻ മുഖ്യമന്ത്രിയായ നവകേരളത്തിൽ പ്രസക്തമല്ലെന്നു നിരീക്ഷിച്ചത് ആലപ്പുഴയിലെ മറ്റൊരു എംഎൽഎ ദലീമയാണ്. ഗായികയായ തനിക്ക് ഇഷ്ടപ്പെട്ട വരികളാണെന്ന് അതു പാടി, അവർ പറഞ്ഞു. പക്ഷേ ആ ഓലപ്പുരക്കാലമെല്ലാം കഴിഞ്ഞു! ചുറ്റും കണ്ട ദാരിദ്ര്യത്തിൽ മനംനൊന്ത് പണ്ട് സ്വയം എഴുതിയ കവിത കൂടി ദലീമ ആലപിച്ചു. ആ ദുരിതത്തിൽ സ്വപ്നം കാണാൻ പാവപ്പെട്ടവരെ പഠിപ്പിച്ചത് ഇടതുപക്ഷം; ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത് ഇടതു സർക്കാരുകൾ!
പാടിപ്പുകഴ്ത്തിയാലേ വല്ലതും കിട്ടൂവെന്ന് ഇതെല്ലാം കണ്ടപ്പോൾ യുഡിഎഫിലെ യു.എ.ലത്തീഫിന് തോന്നിയത് സ്വാഭാവികം. മഞ്ചേരി മണ്ഡലത്തിലെ വികസനാവശ്യങ്ങൾ ഉന്നയിച്ച അദ്ദേഹം ഒരു രഹസ്യം വെളിപ്പെടുത്തി. ധനമന്ത്രിയെക്കുറിച്ച് ഒരു വാഴ്ത്തുപാട്ട് പാടാൻ റെഡി; പാട്ടും റെഡി. പാടാൻ മുതിർന്നില്ലെങ്കിലും മന്ത്രി വി.ശിവൻകുട്ടിക്ക് പ്രതിപക്ഷ പ്രശംസ.
ദലീമയുടെ നിരീക്ഷണത്തെ കടത്തിവെട്ടുന്ന സിദ്ധാന്തമായിരുന്നു മറ്റൊരു സിപിഎം എംഎൽഎ പി.വി.ശ്രീനിജന്റേത്. പിണറായി സർക്കാർ ദാരിദ്ര്യത്തെ തന്നെ പുനർനിർവചിച്ചത്രെ! ഭക്ഷണമില്ലെന്ന അവസ്ഥ ആർക്കുമില്ല; പിന്നെ മൊബൈൽ റീചാർജ് ചെയ്യാൻ കാശില്ലെന്നോ മറ്റോ പതം പറയുന്ന കുറച്ചുപേർ കാണും.
മുഖ്യമന്ത്രിയെ മാത്രം പുകഴ്ത്തുന്നെന്ന പേരുദോഷം കേൾക്കാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ തയാറല്ല. ഭൂരിപക്ഷം റോഡുകളും മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മുഖം പോലെ സുന്ദരമാണത്രെ! പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആക്രോശിക്കുമ്പോഴത്തെ മുഖഭാവം പോലെ അപൂർവം മോശം റോഡുകളും ഉണ്ടെന്നു കൂടി എംഎൽഎ വിളിച്ചു പറയുന്നതും കേട്ടു.
സഭയിലും ഷാഫി പറമ്പിലിന്റെ കുറവ് നികത്താൻ തനിക്കു കഴിയുമെന്ന സൂചന കന്നി പ്രസംഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകി. അതിൽ നിലവാരത്തകർച്ച കെ.ആൻസലൻ കണ്ടു. സിപിഎമ്മിനെ ആ പ്രസംഗം പ്രകോപിപ്പിച്ചെന്ന് അതു വ്യക്തമാക്കി.