450 കോടി ഓഹരി; കെഎസ്ഇബി ഉപകമ്പനി ജീവനക്കാർക്കും പെൻഷൻകാർക്കും പങ്കാളിത്തം

Mail This Article
തിരുവനന്തപുരം ∙ പുതിയതായി രൂപീകരിക്കുന്ന ഉപകമ്പനിയായ കേരള ഗ്രീൻ എനർജി കമ്പനി ലിമിറ്റഡിൽ (കെജിഇസിഎൽ) ജീവനക്കാരെത്തന്നെ ഓഹരിയുടമകളാക്കാൻ കെഎസ്ഇബി പദ്ധതി തയാറാക്കി. ജീവനക്കാർക്കും പെൻഷൻകാർക്കും 450 കോടി രൂപ നിക്ഷേപിക്കാൻ വഴിയൊരുക്കുന്ന കമ്പനി രൂപീകരണത്തിനുള്ള ശുപാർശ കെഎസ്ഇബി ബോർഡ് പരിഗണിക്കും. സർക്കാരിന്റെയും കേന്ദ്ര സർക്കാരിനു കീഴിലുള്ള സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുടെയും (സെകി) അനുമതി കൂടി ലഭിച്ച ശേഷമേ കമ്പനി യാഥാർഥ്യമാകൂ.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായി ജീവനക്കാരുടെ ഓഹരി പങ്കാളിത്തത്തോടെ സർക്കാർ കമ്പനി രൂപീകരിക്കുന്നത്. കെഎസ്ഇബിയിലെ 27,000 ജീവനക്കാർക്കും 46,000 പെൻഷൻകാർക്കും നിക്ഷേപത്തിന് അവസരം നൽകും. നിക്ഷേപിക്കുന്നവർക്ക് ഓരോ വർഷവും ലാഭവിഹിതം നൽകും.
ഭാവിയിൽ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ നിക്ഷേപത്തോത് അനുസരിച്ച് ഓഹരികൾ നൽകും. സമാനമായ വിധം വൻകിട ഉപയോക്താക്കൾക്കും പുതിയ കമ്പനിയിൽ നിക്ഷേപിക്കാൻ അവസരം നൽകും. ഇവർക്ക് വൈദ്യുതി ലഭ്യമാക്കുന്നതിൽ ഇളവുകളോ സമാനമായ ആനുകൂല്യങ്ങളോ ലഭ്യമാക്കാനാണു ശ്രമം.
ലക്ഷ്യം പുനരുപയോഗ ഊർജോൽപാദനം
കെഎസ്ഇബിയുടെയും സെകിയുടെയും നേതൃത്വത്തിൽ സോളർ പദ്ധതികളെ പ്രോത്സാഹിപ്പിക്കാൻ 2015 ൽ ആരംഭിച്ച റിന്യൂവബിൾ പവർ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആർപിസികെഎൽ) ആണ് പുതിയ കമ്പനിയാകാനൊരുങ്ങുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ഇബിക്കു നേരിട്ടു നടപ്പാക്കാൻ കഴിയാത്ത പുനരുപയോഗ ഊർജോൽപാദന പദ്ധതികളായ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്), സൗരോർജ പദ്ധതികൾ, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ (പിഎസ്പി), ചെറുകിട ജലവൈദ്യുത പദ്ധതികൾ തുടങ്ങിയവയിൽ നിക്ഷേപിക്കുകയും ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്കും മറ്റു വിതരണ കമ്പനികൾക്കും വിൽക്കുകയുമാണ് ലക്ഷ്യം