നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128–ാം ജന്മദിനം ഇന്ന്; രസഗുളമധുരം നിറഞ്ഞ കല്യാണ ഓർമകൾ

Mail This Article
കോട്ടയം ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനം ഇന്ന് ആഘോഷിക്കുമ്പോൾ കോട്ടയത്തിനും പറയാനുണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു രക്തബന്ധത്തിന്റെ കഥ. നേതാജിയുടെ മാതൃസഹോദരിയുടെ മകൻ സുനിൽ ബോസ് വിവാഹം ചെയ്തതു മലയാളിയെയാണ്. വിവാഹം നടന്നതാകട്ടെ ഒളശ്ശ സെന്റ് മാർക്സ് സിഎസ്ഐ ദേവാലയത്തിലും. വിവാഹ റജിസ്റ്ററിൽ രക്ഷിതാവിന്റെ സ്ഥാനത്തു സുഭാഷ് ചന്ദ്രബോസിന്റെ ചുരുക്കെഴുത്തായ എസ്.സി.ബോസ് എന്നാണു പേരെഴുതിയിരിക്കുന്നതും. ഐസ്ക്രീമിനു പകരം കൊൽക്കത്തയിൽ നിന്നു കൊണ്ടുവന്ന രസഗുള വിളമ്പിയ ആ വിവാഹത്തിന്റെ മധുരതരമായ ഓർമകൾ പങ്കുവയ്ക്കുകയാണു കണ്ടംചിറ തര്യൻ കെ.തോമസിന്റെ ഭാര്യ ബാവാ തോമസ്.
-
Also Read
ഉയരട്ടെ, സഭയിലും ഒരു വാഴ്ത്തുപാട്ട്
റോയൽ ഇന്ത്യൻ നേവിയിൽ ലഫ്റ്റനന്റ് ആയിരുന്നു സുനിൽ ബോസ്. വധു അച്ചാമ്മ കുരുവിള എന്ന കുഞ്ഞമ്മ, ബാവാ തോമസിന്റെ മാതൃസഹോദരീപുത്രിയാണ്. നേതാജിയുടെ മാതൃസഹോദരി നിഷാബതി ബോസിന്റെയും ഡോ. ജിതേന്ദ്രനാഥിന്റെയും മകനാണു സുനിൽ. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട അദ്ദേഹത്തെ വളർത്തിയതു നേതാജിയുടെ മാതാപിതാക്കളായ പ്രഭാവതിയും ജാനകീനാഥുമാണ്. നേതാജിയാകട്ടെ അദ്ദേഹത്തെ സഹോദരനെപ്പോലെയാണു കരുതിയത്.
‘എറണാകുളം മഹാരാജാസിൽ ഗണിതശാസ്ത്ര അധ്യാപികയായിരുന്നു കുഞ്ഞമ്മ. എന്റെ അമ്മയുടെ അനിയത്തി ഡോ. മറിയാമ്മ അക്കാലത്ത് എറണാകുളം കണ്ണാശുപത്രിയിൽ ഡോക്ടറായിരുന്നു. അവിവാഹിതയായ അവർക്കൊപ്പം അമ്മയുടെ മറ്റൊരു സഹോദരി ഏലിയാമ്മയുടെ മകളായ കുഞ്ഞമ്മയാണു താമസിച്ചിരുന്നത്. എറണാകുളത്ത് ഇവരുടെ കളത്തിപ്പറമ്പ് വീടിന്റെ മുകളിലത്തെ നിലയിലാണു സുനിൽ ബോസ് താമസിച്ചിരുന്നത്. അങ്ങനെ ഇരുവരും സ്നേഹത്തിലായി. മറിയാമ്മ മുഖേന വീട്ടുകാരെ വിവരം അറിയിച്ചു. 1945 ഓഗസ്റ്റ് 6ന് ആയിരുന്നു വിവാഹം. കൊൽക്കത്തയിൽനിന്ന് അൻപതോളം ബന്ധുക്കളെത്തി. നാവികസേനയിൽ നിന്ന് കൊമ്മഡോർ അയ്മനം ടി.ജെ.കുന്നങ്കേരിയിലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും പങ്കെടുത്തു. നേവിയുടെ ബാൻഡ് സെറ്റും ഉണ്ടായിരുന്നു. അന്ന് എനിക്ക് 13 വയസ്സ്. കൊൽക്കത്തയിൽ നിന്നു ഭരണികളിൽ കൊണ്ടുവന്ന നാരങ്ങ വലുപ്പമുള്ള രസഗുള വിളമ്പിയത് ഓർക്കുന്നു.

സുനിൽ ബോസ്, സാമുവൽ എന്ന പേര് സ്വീകരിച്ചു. വിവാഹശേഷം കുഞ്ഞമ്മയുടെ പേര് അമല ബോസ് എന്നായി. രണ്ടുമൂന്നു വർഷം കഴിഞ്ഞപ്പോൾ അവർ കൊൽക്കത്തയിലെ കുടുംബവീട്ടിലേക്കു താമസം മാറി. നേതാജിയുടെ വീട്ടിൽ നിന്നു വെറും 5 മിനിറ്റ് ദൂരം. സമ്പന്നകുടുംബമായിരുന്നു ബോസിന്റേത്. കുഞ്ഞമ്മ അവിടെ ജൂലിയൻ ഡേ സ്കൂളിൽ അധ്യാപികയായി. അവിടെ ചെല്ലുന്ന എല്ലാവരെയും നേതാജിയുടെ വീട്ടിലേക്കും അവർ കൊണ്ടുപോകുമായിരുന്നു. നേതാജിയുടെ കട്ടിലിൽ വെള്ള വിരിച്ച് പുതുപൂക്കൾ വിതറിയിട്ടിരിക്കും. അദ്ദേഹം മരിച്ചതായി അവർക്ക് വിശ്വാസമില്ലാത്തതിനാലാണ് അങ്ങനെ ചെയ്തിരുന്നത്.
രണ്ട് ആൺമക്കളായിരുന്നു സുനിൽ ബോസിനും അമലയ്ക്കും. ലണ്ടനിൽ സൈക്യാട്രിസ്റ്റായ റോബിൻ ബോസും അമേരിക്കയിൽ ശാസ്ത്രജ്ഞനായ രതിൻ ബോസും. 2000 ഡിസംബറിൽ കുഞ്ഞമ്മ മരിച്ചു. കൊൽക്കത്ത സിഎസ്ഐ ദേവാലയത്തിൽ സംസ്കരിച്ചു. 2006ൽ സുനിൽ ബോസും മരിച്ചു’ - ബാവാ തോമസ് പറഞ്ഞു.
സുനിൽ ബോസ് 1995ൽ ആണ് അവസാനമായി നാട്ടിലെത്തിയതെന്ന് ബാവാ തോമസിന്റെ മകൻ സന്തോഷ് തോമസ് കണ്ടംചിറ പറഞ്ഞു. അന്ന് അദ്ദേഹത്തിന് 85 വയസ്സ് ഉണ്ടായിരുന്നു. രണ്ടുമാസം മുൻപ് റോബിൻ ബോസും രതിൻ ബോസും ഒളശ്ശയിലെത്തി. അമലയുടെ സഹോദരൻ കുഞ്ഞച്ചന്റെ മകൾ രമണി ജേക്കബിന്റെ വീട്ടിൽ ഒരാഴ്ച താമസിച്ചിട്ടാണു മടങ്ങിയതെന്നും സന്തോഷ് പറഞ്ഞു.