യുഡിഎഫിനു പിന്തുണ: ഇടത് അംഗത്തിന് സിപിഎം, ഡിവൈഎഫ്ഐ മർദനം

Mail This Article
പനമരം (വയനാട്) ∙ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനു പിന്തുണ നൽകിയ പനമരം പഞ്ചായത്ത് എൽഡിഎഫ് അംഗം ബെന്നി ചെറിയാനെ മർദിച്ച കേസിൽ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരായ 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. പനമരം സ്വദേശികളായ ഷിഹാബ്, അക്ഷയ്, ഇർഷാദ്, സനൽ, ശ്രീജിത്ത് എന്നിവർക്കു പുറമേ കണ്ടാലറിയാവുന്ന രണ്ടു പേരെ കൂടി പ്രതി ചേർത്ത് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്. ഷിഹാബും ഇർഷാദും മുൻപും വധശ്രമ കേസുകളിൽ പ്രതികളായിട്ടുണ്ട്. കൂത്താട്ടുകുളത്ത് സ്വന്തം കൗൺസിലറെ തട്ടിക്കൊണ്ടുപോയി സിപിഎം വിവാദത്തിൽ നിൽക്കെയാണ് പനമരത്തും സമാനസംഭവം.
6ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബെന്നി പിന്തുണച്ചതോടെ എൽഡിഎഫിനു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായതാണു മർദനത്തിനു കാരണമെന്ന് എഫ്ഐആറിൽ പറയുന്നു. ബുധൻ രാത്രി എട്ടുമണിയോടെ ടൗണിൽ ഫോണിൽ സംസാരിച്ചുകൊണ്ടു നിന്ന തന്നെ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നു ബെന്നി പറഞ്ഞു. ‘അവനെ കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും കൈക്കു ചതവുണ്ടെന്നും ബെന്നി പറഞ്ഞു. ഇതിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതിയും നൽകിയിട്ടുണ്ട്.
ജെഡിഎസ് ടിക്കറ്റിൽ എൽഡിഎഫ് പ്രതിനിധിയായ ബെന്നി പഞ്ചായത്തിലെ അഴിമതിക്കും അനധികൃത നിയമനത്തിനുമെതിരെ 16 ദിവസം നിരാഹാരം കിടന്നിരുന്നു. ആരോഗ്യനില വഷളായതോടെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ പുറത്താക്കിയതായി ജെഡിഎസ് നേതൃത്വം അറിയിച്ചു. തുടർന്നാണ് യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 23 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 11 സീറ്റ് വീതമായിരുന്നു. നറുക്കെടുപ്പിലൂടെയാണ് നേരത്തെ എൽഡിഎഫിനു പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. 29നാണ് പനമരത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ബെന്നി ചെറിയാന്റെ പിന്മാറ്റത്തോടെ എൽഡിഎഫിന് 10 പേരുടെ പിന്തുണ മാത്രമേയുണ്ടാകൂ. ബിജെപിക്ക് ഒരംഗമുണ്ട്.
അതിനിടെ, ബെന്നി ചെറിയാൻ വലിയ വില നൽകേണ്ടിവരുമെന്ന തരത്തിൽ സിപിഎം സംസ്ഥാന സമിതിയംഗം പി. ഗഗാറിൻ 16ന് പനമരത്തു നടത്തിയ പ്രസംഗം പുറത്തുവന്നതും വിവാദമായി.
സിപിഎം ഏരിയ കമ്മിറ്റി അംഗം ഷിജുവിനെയും അമ്മയെയും ബെന്നി അസഭ്യം പറഞ്ഞെന്നും ഇതിനു വലിയ വില നൽകേണ്ടി വരുമെന്നും കമ്യൂണിസ്റ്റുകാർ ഇവിടെയുണ്ടെന്ന് നീ മനസ്സിലാക്കിക്കോ എന്നുമായിരുന്നു സിപിഎം മുൻ ജില്ലാ സെക്രട്ടറി കൂടിയായ ഗഗാറിന്റെ പ്രസംഗം. നിലവിലുള്ള സെക്രട്ടറി കെ. റഫീഖും വേദിയിലുണ്ടായിരുന്നു.