സംസ്ഥാനത്ത് സൈബർ തട്ടിപ്പ് കൂടുന്നെന്ന് സഭയിൽ മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ ‘എന്നെയൊന്നു തട്ടിച്ചോളൂ’ എന്നു പറഞ്ഞുനടക്കുന്ന മട്ടിലാണു കേരളത്തിലെ ചില ആളുകളുടെ നിലയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ തട്ടിപ്പുകളെക്കുറിച്ച് ഒട്ടേറെ ബോധവൽക്കരണം നടക്കുന്നുണ്ടെങ്കിലും എണ്ണം കൂടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനങ്ങളെ ചതിക്കുഴിയിലാക്കിയ 29,850 വെബ്സൈറ്റുകളും 843 ഓൺലൈൻ ആപ്പുകളും 4761 ലോൺ ആപ് വെബ്സൈറ്റുകളും 21,696 സമൂഹമാധ്യമ അക്കൗണ്ടുകളും സൈബർ പട്രോളിങ്ങിലൂടെ നിർവീര്യമാക്കി. തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന 15,990 സിം കാർഡുകളും 49,830 ഡിവൈസ്–ഐഎംഇഐ നമ്പറുകളും പ്രവർത്തനരഹിതമാക്കി. 41,335 ബാങ്ക് അക്കൗണ്ടുകൾ തടയാനായി. മെസേജുകളും ലിങ്കുകളും വ്യാജമാണോ, ശരിയായതാണോ എന്നു വളരെ വേഗം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ പൊലീസ് ‘സൈബർ വോൾ’ പദ്ധതി രൂപീകരിച്ചിട്ടുണ്ട്. പ്രാരംഭദശയിലുള്ള പദ്ധതി എത്രയും വേഗം പൂർണതയിലെത്തിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.