ഗംഗാധരൻ വൈദ്യർ അന്തരിച്ചു

Mail This Article
തൃത്താല ∙ പ്രശസ്ത പാരമ്പര്യ ആയുർവേദ ചികിത്സകൻ മേഴത്തൂർ മാരിപ്പറമ്പിൽ ഗംഗാധരൻ നായർ (ഗംഗാധരൻ വൈദ്യർ–89) അന്തരിച്ചു. കുട്ടികളിലെ പല അപൂർവരോഗങ്ങളും ചികിത്സിച്ചു ഭേദമാക്കിയ ബാലവൈദ്യനാണ്. മേഴത്തൂർ ചാത്തരു നായർ സ്മാരക ചികിത്സാലയം (സിഎൻഎസ്) സ്ഥാപകനും കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം ആൻഡ് വിദ്യാപീഠം ചെയർമാനുമായിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിൽ മരുന്നില്ലാത്ത പല രോഗങ്ങളും ഭേദമാക്കിയിട്ടുണ്ട്. ദേഹത്തെ ചൂടു താങ്ങാനാവാതെ വെള്ളത്തിൽ ഇറക്കി നിർത്തേണ്ടി വന്ന സഹോദരങ്ങളെ ചികിത്സിച്ച് അന്തരീക്ഷ ഉഷ്‌ണം താങ്ങാനുള്ള ശേഷിയിലേക്കെത്തിച്ച അദ്ദേഹം ‘പൊള്ളുന്ന ഉണ്ണികളുടെ’ ചൂട് അകറ്റുന്ന വൈദ്യനായി. സഹോദരങ്ങളെക്കുറിച്ച് 1992ൽ മലയാള മനോരമ പ്രസിദ്ധീകരിച്ച ‘പൊള്ളുന്ന ഉണ്ണികൾ’ എന്ന വാർത്തയാണ് അതിനു നിമിത്തമായത്.
കാഞ്ഞൂർ നാരായണൻ നായരുടെയും മാരിപ്പറമ്പിൽ ലക്ഷ്മി അമ്മയുടെയും മകനായി കർഷക കുടുംബത്തിൽ ജനിച്ച ഗംഗാധരൻ നായർ, ബാലചികിത്സകനായിരുന്ന മേഴത്തൂരിലെ ചാത്തരു നായരുടെ ശിഷ്യനായിരുന്നു. ചാത്തരു നായരുടെ പൗത്രി കൂടിയായ ഭാര്യ പരേതയായ കെ.പി.വിജയലക്ഷ്മിയും ചികിത്സാരംഗത്ത് ഒപ്പമുണ്ടായിരുന്നു.
മക്കൾ: ഡോ.കെ.പി.യശോദാമണി, കെ.പി.ആനന്ദവല്ലി, ഡോ.കെ.പി.മണികണ്ഠൻ. മരുമക്കൾ: ഡോ.ടി.ശ്രീനിവാസൻ, എം. മോഹനൻ നായർ, രമ്യ മണികണ്ഠൻ. തൃത്താല പഞ്ചായത്ത് അംഗം, തൃത്താല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.