കെപിസിസി പ്രസിഡന്റിന്റെ മാറ്റം: പന്ത് എഐസിസിയുടെ കോർട്ടിൽ

Mail This Article
തിരുവനന്തപുരം∙ കെപിസിസി പ്രസിഡന്റ് പദത്തെച്ചൊല്ലി കോൺഗ്രസിൽ ഉരുത്തിരിഞ്ഞിരിക്കുന്ന വിവാദത്തിൽ എഐസിസി അടിയന്തരമായി തീർപ്പുണ്ടാക്കണമെന്ന ആവശ്യം അടുത്തദിവസം യുഡിഎഫ് പരിപാടിക്കു കണ്ണൂരിലെത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു മുൻപിൽ സംസ്ഥാന നേതാക്കൾ ഉന്നയിക്കും.
ഇപ്പോഴത്തെ ചർച്ചകൾക്ക് എഐസിസി നേതൃത്വത്തിന്റെ പ്രതികരണത്തോടെ അവസാനമാകുമെന്നിരിക്കെ, അതിനു തുനിയാത്തതെന്തെന്ന ചോദ്യം പല നേതാക്കൾക്കുമുണ്ട്. വിഷയം കൂടുതൽ വഷളാകുന്നതുവരെ നീട്ടിക്കൊണ്ടുപോകുന്നതു തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന പൊതുവികാരം രൂപപ്പെട്ടിട്ടുണ്ട്.
കെ.സുധാകരനെ മാറ്റുമോ ഇല്ലയോ എന്നതിൽ എഐസിസി നേതൃത്വമെടുക്കുന്ന നിലപാടാണ് എല്ലാവർക്കും അറിയേണ്ടത്. സംസ്ഥാന കോൺഗ്രസിൽ ഭിന്നത രൂപപ്പെടുന്നതിൽ മുസ്‍ലിം ലീഗിനും അതൃപ്തിയുണ്ട്. ഇക്കാര്യം അവരും ശ്രദ്ധയിൽപെടുത്തും. ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി ഇവിടത്തെ നേതാക്കളുമായി ചർച്ച നടത്തി സംഘടനാ വിഷയങ്ങളിൽ അഭിപ്രായ ഐക്യമുണ്ടാക്കട്ടെയെന്ന നിലപാടാണു കെ.സി.വേണുഗോപാൽ സ്വീകരിച്ചുപോരുന്നത്. ഇതിന്റെ ഭാഗമായി ദീപ ദാസ്മുൻഷി നേതാക്കളുടെ മനസ്സറിയാൻ നടത്തുന്ന കൂടിക്കാഴ്ചകളാണു കെ.സുധാകരനെ മാറ്റാനെന്ന തരത്തിൽ പുറത്തേക്കു പ്രചരിക്കുന്നത്. തന്നെ മാറ്റുന്നതിനെക്കാൾ, മാറ്റാൻ വേണ്ടി നടത്തുന്ന ചർച്ചകളും വിവാദങ്ങളുമാണു സുധാകരനെ പ്രകോപിപ്പിക്കുന്നത്. ഇക്കാര്യം വേണുഗോപാലിനെ അറിയിക്കും.
ആരോഗ്യസ്ഥിതി കണക്കിലെടുത്തു സുധാകരൻ മാറി നിൽക്കണമെന്ന ആവശ്യം ചില നേതാക്കൾ ദീപ ദാസ്മുൻഷിയെ അറിയിച്ചിട്ടുണ്ട്. ചിലർ പകരം പേരുകളും നിർദേശിച്ചു. ഇക്കാര്യത്തിൽ എഐസിസി നേതൃത്വത്തിന്റെ തീരുമാനം ഇവരും ആഗ്രഹിക്കുന്നു.
മുൻപും തീരുമാനിച്ചത് ഹൈക്കമാൻഡ്
കെപിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നത് എഐസിസി നേതൃത്വമാണ്. ഗ്രൂപ്പുകൾ സജീവമായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ചു നൽകിയ പേരു വെട്ടി മറ്റൊരാളെ ഹൈക്കമാൻഡ് നിയമിച്ചിട്ടുണ്ട്. അതുകൊണ്ടാണ്, നിർദേശം കേരളത്തിൽനിന്നു വരട്ടെയെന്ന മട്ടിൽ ഇവിടെ ചർച്ചകൾ വലിച്ചുനീട്ടി വഷളാക്കുന്നതിൽ അർഥമുണ്ടോയെന്ന സംശയമുയരുന്നത്.