കുറുക്കോളിയുടെ സ്വപ്ന മെട്രോ!

Mail This Article
∙ പിണറായി വിജയൻ വികസന നായകനും പ്രതിപക്ഷം വികസന വിരുദ്ധരുമാണെന്ന് വരുത്താൻ സഭയിൽ ഭരണപക്ഷം നടത്തുന്ന ശ്രമം ചില്ലറയല്ല. അപ്പോൾ പിന്നെ മണ്ഡലത്തിലെ ഒരു വൻ വികസന ആശയത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുമെന്ന് ഉറപ്പിച്ചാണ് കുറുക്കോളി മൊയ്തീൻ ആ ‘ശ്രദ്ധ ക്ഷണിക്കലുമായി’ വന്നത്. തിരൂരിനെയും നിലമ്പൂരിനെയും ബന്ധിപ്പിക്കുന്ന മെട്രോ ലൈൻ ആയിരുന്നു കുറുക്കോളിയുടെ ആവശ്യം. തിരുവനന്തപുരം– കാസർകോട് കെ റെയിലുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ പരിമിതം! കെ റെയിൽ ഉപേക്ഷിക്കാൻ ഈ സർക്കാരിനെ കിട്ടില്ലെന്ന് ആവർത്തിക്കുന്ന പിണറായി ഈ നിർദേശത്തിനു മുന്നിൽ പ്രസാദിക്കുമെന്നു കുറുക്കോളി കരുതി. അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, പിണറായി പ്രകോപിതനുമായി. കേന്ദ്രത്തോട് കെ റെയിൽ ചോദിക്കുമ്പോൾ അവിടെ നിന്നു കിട്ടുന്ന മറുപടി പോലെയായി സഭയിൽ കുറുക്കോളിക്കു കിട്ടിയ മറുപടി.
-
Also Read
ഗംഗാധരൻ വൈദ്യർ അന്തരിച്ചു
ഒരു കാലത്തും നടക്കാൻ സാധ്യതയില്ലാത്ത ഒരു കാര്യം സഭയിൽ ഉന്നയിക്കണമായിരുന്നോ എന്ന് അംഗവും അനുവാദം നൽകേണ്ടിയിരുന്നോയെന്നു നിയമസഭാ സെക്രട്ടേറിയറ്റും പരിശോധിക്കണമെന്നായി മുഖ്യമന്ത്രി. വരാനിരിക്കുന്ന സർക്കാരുകൾ പോലും ഇങ്ങനെയൊരു മെട്രോ ആലോചിക്കാനിടയില്ലെന്നു കൂടി പറഞ്ഞതോടെ കുറുക്കോളി വിഷണ്ണനായി. ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കുന്നയാൾക്ക് ഒരു ചോദ്യം കൂടി ഉന്നയിക്കാം. ആകെ പതറിയ കുറുക്കോളി മെട്രോ വിട്ടു. നഞ്ചൻകോട് റെയിൽവേ സ്റ്റേഷൻ വികസനമെങ്കിലും പരിഗണിക്കുമോ എന്നായി. അത് ആലോചിക്കാമെന്ന ആശ്വാസവാക്ക് പക്ഷേ അദ്ദേഹത്തെ തണുപ്പിച്ചതായി തോന്നിയില്ല.
മിനിറ്റുകൾക്കകം, സഭയിൽ കെ റെയിൽ വിരുദ്ധരായി പ്രതിപക്ഷം ചിത്രീകരിക്കപ്പെട്ടു. കെ റെയിൽ കുറ്റി പറിക്കുന്നവരാണ് പ്രതിപക്ഷമെന്ന് ആക്ഷേപിച്ചത് കടകംപള്ളി സുരേന്ദ്രൻ. നാടിനെ അഭിവൃദ്ധിയിലേക്കു നയിക്കുന്ന നേതാവ് പിണറായി വിജയനും. മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഒരു വിഡിയോ അഞ്ചു വയസ്സുള്ള ഒരു കുട്ടിയെ കാണിച്ചിട്ട് ആരാണെന്ന് കടകംപള്ളി ചോദിച്ചു പോൽ. കുട്ടി പറഞ്ഞു: ‘സഖാവ്’. കേട്ട കടകംപള്ളി കോരിത്തരിച്ചു. പ്രതിപക്ഷ നേതാവിനെതിരെ തുടർന്നു വരുന്ന അധിക്ഷേപം കടകംപള്ളിയും ഏറ്റെടുത്തപ്പോൾ ടി.ജെ.വിനോദിന് ഒരു അഭ്യർഥനയേ ഉണ്ടായുള്ളൂ: ‘‘ സ്പീക്കറുടെ കസേര അടിച്ചുതകർത്ത് വലിച്ചെറിഞ്ഞവർ പ്രതിപക്ഷ നേതാവിനെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിത്തിരിക്കരുത്.’’
ജമാഅത്തെ ഇസ്‍ലാമിയെ ചേർത്തുപിടിക്കാൻ ലീഗും യുഡിഎഫും ശ്രമിക്കുകയാണെന്ന ഭരണപക്ഷത്തിന്റെ ആവർത്തിച്ചുള്ള ആരോപണത്തിന് മറുപടി നൽകിയത് പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ: ‘‘അവരെ ഇത്രയും കാലം തോളിലേറ്റിയതു നിങ്ങൾ തന്നെയാണ്. ഞങ്ങൾ അന്നും ഇന്നും മതനിരപേക്ഷ കാഴ്ച്പ്പാടിൽ നിന്നു മാറിയിട്ടില്ല’’. എങ്കിൽ ജമാഅത്തെയുടെ വോട്ട് വേണ്ടെന്നു പറയുമോ എന്നായി കെ.വി.സുമേഷ്.
പിടിപ്പുകേടും അഴിമതിയും സർക്കാരിന്റെ മുഖമുദ്രയാണെന്നു സമർഥിച്ചു കൊണ്ടുള്ള കുറ്റപത്രം തന്നെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അവതരിപ്പിച്ചു. അതിദീർഘമായ മറുപടിയിൽ മുഖ്യമന്ത്രി ആ വാദങ്ങൾ തള്ളി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും രണ്ടായല്ല,‘സിജെപി’ ആയിട്ട് ഒരുമിച്ചാണ് പ്രവർത്തിച്ചതെന്ന് ആരോപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ പേരു പറയാതെ മുഖ്യമന്ത്രി തിരുത്തി: സിജെപി എന്നാൽ ‘കോൺഗ്രസ് ജനതാ പാർട്ടി’.