ADVERTISEMENT

തിരുവനന്തപുരം∙ വയനാട് മേപ്പാടിയിലെ ദുരിത ബാധിതരെ സഹായിക്കാൻ കഴിഞ്ഞ 17 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 712.98 കോടി രൂപ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ടൗൺഷിപ് നിർമാണം എത്രയും വേഗം തുടങ്ങാനാകുമെന്നാണു സർക്കാർ കരുതുന്നത്. പുനരധിവസിപ്പിക്കുന്നതുവരെ വാടക നൽകുന്നതു തുടരും. തുക ഉയർത്താൻ ആലോചിക്കുന്നില്ല. കൃഷി ഭൂമി നഷ്ടപ്പെട്ടവർക്കു പകരം കൃഷി ഭൂമി നൽകാൻ കഴിയില്ല. 300 രൂപ വീതം ദിന ബത്ത നൽകുന്നതു തുടരാനാകുമോ എന്നു പരിശോധിക്കും. മൂന്നുമാസം വരെ കൊടുക്കാനാണു നിലവിൽ ചട്ടമുള്ളത്.

ടൗൺഷിപ്പിന് എസ്റ്റേറ്റുകൾ ഏറ്റെടുക്കുമ്പോൾ എത്ര രൂപ നൽകേണ്ടിവരുമെന്നു കണക്കാക്കിയിട്ടില്ല. ഭൂമിയേറ്റെടുക്കൽ നിയമപ്രകാരമുള്ള തുക നൽകും. ദുരന്തനിവാരണ നിയമം വഴി ഭൂമി ഏറ്റെടുക്കുമെന്ന സംശയത്തിലാണു ഭൂവുടമകൾ കോടതിയിൽ പോയത്. അങ്ങനെ ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അവരുടെ അപ്പീലിൽ കോടതി കൃത്യമായ നിർദേശം നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. പിഡിഎൻഎ റിപ്പോർട്ട് പ്രകാരമുള്ള ഒരു സഹായവും കേന്ദ്രസർക്കാരിൽനിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.

30 ലക്ഷം രൂപയെന്നു സർക്കാർ പറഞ്ഞതോടെ, സ്പോൺസർമാർ പലരും പിൻമാറുന്ന സ്ഥിതിയുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. നാട്ടിലെ സാധാരണ നിരക്ക് അനുസരിച്ച് 20 ലക്ഷം രൂപയ്ക്ക് 1000 ചതുരശ്രയടി വീട് നിർമിക്കാനാകുമെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വീട് നിർമാണച്ചെലവ് 30 ലക്ഷമെന്ന് ആദ്യം കണക്കാക്കിയത് ഒരു വീട് എന്ന നിലയ്ക്കാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വീടുകൾ ഒരുമിച്ചു നിർമിക്കുമ്പോൾ ചെലവ് കുറയും.

 പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയ തുകയ്ക്ക് അപ്പുറത്തോ, ഇപ്പുറത്തോ നിൽക്കുമെന്നാണു കരുതുന്നത്. വീട് നിർമാണത്തിന്റെ കൃത്യമായ ചെലവ് സർക്കാർ പറയാതെ എങ്ങനെ പാർട്ടിയിൽ ചർച്ച നടത്തുമെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ചോദിച്ചു. ചെലവ് എത്രയും വേഗം അന്തിമമാക്കി അറിയിക്കാമെന്നു മുഖ്യമന്ത്രി മറുപടി നൽകി.

നന്ദിപ്രമേയ ചർച്ച  പൂർത്തിയായി; സഭ ഇനി 7 ന്

തിരുവനന്തപുരം ∙ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കി ഇന്നലെ പിരിഞ്ഞ നിയമസഭ ഇനി ചേരുക അടുത്ത മാസം 7ന്. തന്റെ അഞ്ചാമത്തെ ബജറ്റ്  7നു രാവിലെ 9ന് മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും. ഫെബ്രുവരി 10 മുതൽ 12 വരെ ബജറ്റിൻമേലുള്ള പൊതുചർച്ച. 13ന് ഉപധനാഭ്യർഥന ചർച്ചയും വോട്ടെടുപ്പും. അന്നു തന്നെ കേരള വയോജന കമ്മിഷൻ ബില്ലും കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ബില്ലും അവതരിപ്പിച്ച് സഭാ സമ്മേളനം പിരിയും. ധനാഭ്യർഥനകളുടെ വിശദമായ ചർച്ചയ്ക്കും മറ്റുമായി മാർച്ച് 4 മുതൽ 28 വരെ വീണ്ടും സഭ ചേരും. മാർച്ച് 6 മുതൽ 9 വരെ സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതു കണക്കിലെടുത്ത് ഇടവേള നൽകും.

English Summary:

Wayanad Landslide: Wayanad rehabilitation efforts are underway, ₹712.98 crore received for relief. The Kerala government plans township construction and continues rent assistance while addressing concerns about land acquisition and construction costs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com