സർക്കാർ കടമെടുത്തു വകമാറ്റുന്നു: സിഎജി

Mail This Article
തിരുവനന്തപുരം∙ മൂലധനച്ചെലവുകൾക്കെന്ന പേരിൽ സംസ്ഥാന സർക്കാർ കടമെടുക്കുന്ന തുകയുടെ 87 ശതമാനവും ചെലവിടുന്നത് ശമ്പളവും പെൻഷനും അടക്കമുള്ള മറ്റു ചെലവുകൾക്കാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കഴിഞ്ഞ വർഷത്തെ (2023–24) ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ 5 വർഷമായി ഇൗ പ്രവണത കൂടിവരികയാണ്. കടമെടുക്കുന്ന തുക കൊണ്ടു മൂലധനച്ചെലവുകളാണു നടത്തേണ്ടത്. കെട്ടിനിർമാണം, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് മുലധനച്ചെലവുകൾ. 5 വർഷം കടമെടുത്തതിൽ ഏറ്റവും കുറച്ചു തുക വികസന പദ്ധതികൾക്കായി ചെലവിട്ടതാകട്ടെ കഴിഞ്ഞ സാമ്പത്തിക വർഷമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സർക്കാരിന്റെ ഭരണച്ചെലവുകൾ 1.41 ലക്ഷം കോടിയിൽനിന്നു 1.42 ലക്ഷം കോടിയായി വർധിച്ചപ്പോൾ വികസനച്ചെലവ് 13,996 കോടിയിൽ നിന്ന് 13,584 കോടിയായി കുറഞ്ഞു. പതിവുപോലെ ബജറ്റിൽ ഉൾപ്പെടുത്താതെ കിഫ്ബി 1,559 കോടിയും പെൻഷൻ കമ്പനി 3,128 കോടിയും വായ്പയെടുത്തു. നികുതിക്കു പുറമേ വിവിധ സെസുകൾ വഴി 1,004 കോടി രൂപ സർക്കാർ പിരിച്ചു. ഇതിൽ 575 കോടി മദ്യത്തിൽ നിന്നും 424 കോടി ഇന്ധനത്തിൽ നിന്നുമാണ്.
വിവിധ സ്ഥാപനങ്ങളിൽനിന്നു സർക്കാരിനു ലഭിക്കാനുള്ള കുടിശിക 22,582 കോടിയാണ്. ഇതിൽ 14,977 കോടി മുതലും ബാക്കി പലിശയുമാണ്. 79% പണവും ലഭിക്കാനുള്ളത് ജല അതോറിറ്റി (3,929 കോടി), ഹൗസിങ് ബോർഡ് (1,759 കോടി), കെഎസ്ഇബി (1,816 കോടി), കെഎസ്ആർടിസി (9,479 കോടി) എന്നീ സ്ഥാപനങ്ങളിൽ നിന്നാണ്. തനതു നികുതി വരുമാനത്തിൽ കഴിഞ്ഞ 5 വർഷത്തിനിടെ 24,000 കോടിയുടെ വർധനയുണ്ടായി. റവന്യു വരവിനെക്കാൾ ചെലവു കൂടി നിൽക്കുന്നതിനെ സൂചിപ്പിക്കുന്ന റവന്യു കമ്മി 18,140 കോടിയാണ്. ധനക്കമ്മി 34,258 കോടിയും. സർക്കാരിന്റെ ആകെ വരുമാനം 1,59,506 കോടി. കടമെടുത്തത് 35,020 കോടി. നികുതി വരുമാനം 96,071 കോടി, നികുതി ഇതര വരുമാനം 16,345 കോടി.
കടമെടുത്തതിൽ വികസനത്തിന് എത്ര?
വർഷം കടമെടുത്തത്* വികസന %
ചെലവ്
19–20 60,407 8,454 14%
20–21 69,735 12,889 18%
21–22 64,932 14,191 21%
22–23 54,007 13,996 26%
23–24 1,04,354 13,584 13%
* തുക കോടിയിൽ