കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസ്; ജാമ്യം ലഭിച്ച പ്രതികൾക്ക് പാർട്ടിയുടെ സ്വീകരണം

Mail This Article
മൂവാറ്റുപുഴ∙ കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം ലഭിച്ച പ്രവർത്തകർക്ക് സബ് ജയിലിനു മുൻപിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേസിലെ 6 മുതൽ 9 വരെ പ്രതികളായ സിപിഎം ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി. മോഹൻ, പാർട്ടി അംഗങ്ങളായ ഇലഞ്ഞി വെള്ളാനിൽ ടോണി ബേബി , കിഴകൊമ്പ് തൂക്കുപറമ്പിൽ റിൻസ് വർഗീസ്, കൂത്താട്ടുകുളം വള്ളിയാങ്കമലയിൽ സജിത്ത് ഏബ്രഹാം എന്നിവർക്കാണ് മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചത്.
മൂവാറ്റുപുഴ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ ജയിലിനു മുൻപിൽ സ്വീകരണം ഒരുക്കിയത്. ഏരിയ കമ്മിറ്റി സെക്രട്ടറി അനീഷ് എം. മാത്യു, നഗരസഭ കൗൺസിലർമാരായ കെ.ജി. അനിൽകുമാർ, ജാഫർ സാദിഖ്, ഏരിയ കമ്മിറ്റി അംഗങ്ങളായ യു.ആർ. ബാബു, സജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും രക്തഹാരം അണിയിച്ചും പ്രതികളെ സ്വീകരിച്ചു. തുടർന്ന് ആഹ്ലാദ പ്രകടനവും നടത്തി.
സിപിഎം പാർട്ടി സമ്മേളനങ്ങളിലേക്കു കടക്കുന്നതിനാൽ കലയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കില്ലെന്നാണ് സൂചന. പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ പൊലീസും പെട്ടെന്ന് തുടർനടപടികളിലേക്ക് കടന്നേക്കില്ല. കേസിന്റെ അന്വേഷണ ചുമതല ആലുവ ഡിവൈഎസ്പിയിൽ നിന്നു പുത്തൻകുരിശ് ഡിവൈഎസ്പിക്ക് കൈമാറി. കൂത്താട്ടുകുളം സ്റ്റേഷന്റെ ചുമതലയുള്ള പുത്തൻകുരിശ് ഡിവൈഎസ്പി ശബരിമല ഡ്യൂട്ടിയിലായിരുന്നതിനാലാണ് ആലുവ ഡിവൈഎസ്പിയെ അന്വേഷണം ഏൽപിച്ചത്.
കല രാജുവിന്റെ കത്തിൽ വൈസ് ചെയർമാനെതിരെ രൂക്ഷ വിമർശനം
കൂത്താട്ടുകുളം∙ നഗരസഭ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനമാണ് കല രാജു സിപിഎം സംസ്ഥാന സെക്രട്ടറിക്കു നൽകിയ കത്തിലുള്ളത്. ഭർത്താവ് മരിച്ച് അധികം വൈകാതെ ബാങ്കിൽ നിന്നും ഭീഷണി വന്നപ്പോൾ അന്ന് ബാങ്ക് പ്രസിഡന്റായിരുന്ന സണ്ണി കുര്യാക്കോസിനോട് സാവകാശം ആവശ്യപ്പെട്ടെങ്കിലും പണം അടച്ചില്ലെങ്കിൽ വീടും സ്ഥലവും നഷ്ടപ്പെടുമെന്നായിരുന്നു മറുപടി.
സണ്ണി കുര്യാക്കോസാണു പാറമട മുതലാളിയെ സ്ഥലം വാങ്ങാൻ കൊണ്ടുവന്നതും ഈടുവച്ച വസ്തു മാത്രം വിറ്റാൽ കടം തീരുമെന്നിരിക്കെ മുഴുവൻ സ്ഥലവും വിൽപിച്ചതും. ബാങ്ക് മെംബർക്ക് നൽകേണ്ട ആനുകൂല്യം നൽകിയില്ലെന്നും പരാതിയിലുണ്ട്. ബാങ്കിൽ ചെന്ന് എന്തെങ്കിലും ചോദിച്ചാൽ ലഭിക്കുന്ന മറുപടി കളിയാക്കലും ഭീഷണിയുമായിരുന്നു. സ്ഥലം വിറ്റ വകയിൽ കിട്ടിയ തുക ബാങ്കിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
സ്ഥലം വില കുറച്ച് വാങ്ങി തരാമെന്ന് ഒരു ട്രസ്റ്റ് ഭാരവാഹികളോട് സണ്ണി പറഞ്ഞിരുന്നതായി പിന്നീടാണ് അറിഞ്ഞത്. കൂത്താട്ടുകുളത്തെ പാർട്ടി നേതൃത്വത്തിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കല പരാതിയിൽ പറയുന്നുണ്ട്.