കിടപ്പുരോഗികൾക്കും ആശ്വാസമില്ല

Mail This Article
പത്തനംതിട്ട ∙ ചലനശേഷിയില്ലാത്തവരും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരുമായ കിടപ്പു രോഗികൾക്കുള്ള സാമൂഹിക നീതി വകുപ്പിന്റെ ആശ്വാസ കിരണം പദ്ധതിയിൽ വിവേചനമെന്ന് ആക്ഷേപം. 2018 മാർച്ചിനു ശേഷം അപേക്ഷ നൽകിയവർക്ക് ധനസഹായം നൽകാനായി ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് അപേക്ഷകൾ പരിഗണിക്കാത്തതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. 600 രൂപ മാത്രമാണ് ആശ്വാസ കിരണത്തിലെ അംഗങ്ങൾക്കു ലഭിക്കുന്നത്. ഡിസംബറിൽ ഈ തുക തന്നെ 2 വർഷത്തോളം കുടിശിക വന്നിരുന്നു.
2017–18 സാമ്പത്തിക വർഷം 1.02 ലക്ഷം രോഗികൾക്കു നൽകിയ സഹായം ഇപ്പോൾ നൽകുന്നത് 19,229 പേർക്കാണ്. സഹായം നൽകുന്നവരുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞിട്ടും 2018 മാർച്ചിനു ശേഷമുള്ള അപേക്ഷകൾ പരിഗണിക്കുന്നില്ല. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായെങ്കിലും തീരുമാനമായില്ല. 2018 ൽ അപേക്ഷ നൽകി സഹായം ലഭിച്ചവർ ഓരോ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതനുസരിച്ചാണു സഹായം തുടരുന്നത്. അർഹതപ്പെട്ട എല്ലാവർക്കും ധനസഹായം അനുവദിക്കാൻ ശ്രമിക്കുമെന്നും നിലവിൽ പദ്ധതി വിഹിതം ഇല്ലെന്നും വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് സാമൂഹിക സുരക്ഷാ മിഷൻ മറുപടി നൽകിയിട്ടുണ്ട്.
ഓരോ വർഷവും സഹായം ലഭിച്ചവർ
2017 – 18 : 1,02,952
2018 – 19 : 1,20,301
2019 – 20 : 1,13,717
2020 – 21 : 1,14,188
2021 – 22 : 96,086
2022 – 23 : 38,104
2023 – 24 : 19, 229