യുവതിയെ കഴുത്തറുത്ത് കൊന്നത് കിടപ്പുമുറിയിൽ

Mail This Article
കോട്ടയം / കഴക്കൂട്ടം∙ തിരുവനന്തപുരം കഠിനംകുളത്ത് പട്ടാപ്പകൽ വീടിനുള്ളിൽ കയറി വടക്കേ പാടിക്കവിളാകത്ത് ആതിരയെ (മാളു– 30 ) കഴുത്തറുത്തു കൊലപ്പെടുത്തിയത് കിടപ്പുമുറിയിൽ വച്ചായിരുന്നെന്ന് അറസ്റ്റിലായ കൊല്ലം ദളവാപുരം നീണ്ടകര സ്വദേശി ജോൺസൺ ഔസേപ്പിന്റെ (34) മൊഴി. കഠിനംകുളത്തു നിന്നുള്ള അന്വേഷണ സംഘത്തിനാണ് ഇയാൾ മൊഴി നൽകിയത്.
കൊല നടന്ന ദിവസം ജോൺസൺ പെരുമാതുറയിലെ വാടക മുറിയിൽ നിന്നു രാവിലെ 6ന് നടന്നാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയതെന്നു പൊലീസ് പറഞ്ഞു. രാവിലെ എട്ടരയോടെ ആതിര മകനെ സ്കൂൾ ബസിൽ കയറ്റി വിടുന്നതു വരെ ഈ ഭാഗത്ത് ഇയാൾ കറങ്ങി നടന്നു. ഇതിനിടെ ആതിരയുമായി ഫോണിൽ സംസാരിച്ചു. ക്ഷേത്ര പൂജാരിയായ, ആതിരയുടെ ഭർത്താവ് വീട്ടിൽ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ജോൺസൺ വീട്ടിൽ പ്രവേശിച്ചത്. തുടർന്ന് ആതിരയോട് ചായ ആവശ്യപ്പെട്ടു. ആതിര അടുക്കളയിലേക്ക് പോയ സമയത്ത് ഇയാൾ കിടപ്പുമുറിയിൽ കയറി. കൈവശം കരുതിയിരുന്ന കത്തി മെത്തയ്ക്കടിയിൽ ഒളിപ്പിച്ചു.
ഇവിടെ വച്ചാണ് ആതിരയുടെ കഴുത്തറുത്തതെന്നും ജോൺസൺ പൊലീസിനു മൊഴി നൽകി. ആതിരയുടെ മരണം ഉറപ്പാക്കിയ ശേഷം, മൃതദേഹം കിടന്ന കട്ടിലിന്റെ താഴെ പ്രതി തന്റെ ചോരപുരണ്ട ഷർട്ട് ഒളിപ്പിച്ചു. ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച ശേഷം ആതിരയുടെ ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടു. കൊലയ്ക്കു ശേഷം ജീവനൊടുക്കാൻ ശ്രമിച്ചതായും ജോൺസൺ മൊഴി നൽകി.
പ്രതി തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
കോട്ടയം ചിങ്ങവനം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജോൺസൺ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
അമിതമായ അളവിൽ ഗുളിക കഴിച്ചിട്ടുണ്ടെന്നും കീടനാശിനി കുടിച്ചിട്ടുണ്ടെന്നും പറഞ്ഞതിനെ തുടർന്ന് ഇയാളുടെ ഉദരം വൃത്തിയാക്കി.
കീടനാശിനിയുടെ അംശം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ഗുളിക അമിത അളവിൽ ഉള്ളിൽ ചെന്നിട്ടുണ്ടെന്നു വ്യക്തമായി.
72 മണിക്കൂർ നിരീക്ഷണത്തിലാണ്. ജോൺസൺ ഹോം നഴ്സായി ജോലി നോക്കിയിരുന്ന കുറിച്ചിയിലെ വീട്ടിൽ നിന്നാണു പൊലീസ് പിടികൂടിയത്. ഇയാളെ കഠിനംകുളത്തേക്കു കൊണ്ടുവരാൻ പൊലീസ് സംഘം കോട്ടയത്ത് ക്യാംപ് ചെയ്യുകയാണ്.