ചരിത്രനിയോഗം

Mail This Article
ചങ്ങനാശേരി ∙ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തിലാണു താൻ ജനിച്ചതെന്നും അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്. മതാന്തര സംവാദത്തിനായുള്ള തിരുസംഘത്തിന്റെ മേധാവിയായി നിയമിക്കപ്പെട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘മതിലുകളല്ല, പാലങ്ങളാണു ക്രിസ്ത്യാനികൾ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും. മാർപാപ്പയുമായി നടത്തിയ വിദേശയാത്രകളും മറ്റു മതങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഞാൻ നേരിട്ടുകണ്ട മതസൗഹാർദ കൂട്ടായ്മകളും സംഭാഷണങ്ങളും പുതിയ ദൗത്യനിർവഹണത്തിന് ഏറെ സഹായകരമാകും ’ – കർദിനാൾ കൂവക്കാട് പറഞ്ഞു. ഇറാഖ് സന്ദർശനവേളയിൽ നജഫിലെ ഗ്രാൻഡ് ആയത്തുല്ല സയ്യിദ് അലി അൽ സിസ്താനിയുമായി മാർപാപ്പ നടത്തിയ സംഭാഷണം തന്റെ ജീവിതത്തിൽ ഏറെ പ്രചോദനമായെന്നും കർദിനാൾ കൂവക്കാട് വ്യക്തമാക്കി.
ആഹ്ലാദത്തിൽ നാടും സഭയും
ചങ്ങനാശേരി അതിരൂപതാംഗമായ കർദിനാൾ കൂവക്കാടിനെത്തേടി വലിയ ദൗത്യം വീണ്ടുമെത്തിയതിൽ അഭിമാനംകൊള്ളുകയാണു മാതൃരൂപതയും സിറോ മലബാർ സഭയും. ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂർദ്മാതാ ഇടവകാംഗമാണു മാർ കൂവക്കാട്. കഴിഞ്ഞ ഒക്ടോബർ 6ന് ആണു ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദിനാളായി ഉയർത്തിയത്. ഡിസംബർ 8ന് ആയിരുന്നു കർദിനാൾ സ്ഥാനാരോഹണം.
ചുമതലയേറ്റ് അധികം കഴിയുംമുൻപാണു മറ്റൊരു പ്രധാന ചുമതല അദ്ദേഹത്തിനു നൽകിയിരിക്കുന്നത്. ഭാരതസഭയ്ക്കുള്ള അംഗീകാരമായും സഭാനേതൃത്വം ഈ നിയമനത്തെ കാണുന്നു. 2006 മുതൽ വത്തിക്കാനിൽ സേവനം ചെയ്യുകയാണു മാർ കൂവക്കാട്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണു മാർ കൂവക്കാട്.