കൃഷി ഡയറക്ടറേറ്റിലെ സാമ്പത്തിക തിരിമറി: രേഖ നൽകാത്തവർക്ക് പിഴ

Mail This Article
തിരുവനന്തപുരം∙ കൃഷി ഡയറക്ടറേറ്റിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടന്നെന്ന പരാതിയിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാത്ത ഉദ്യോഗസ്ഥർക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി. വിവരാവകാശ നിയമത്തിലെ എല്ലാ വകുപ്പുകളും പ്രയോഗിച്ചുള്ളതാണു വിധി. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് കാർഷികോൽപാദന കമ്മിഷണർ, ട്രഷറി ഡയറക്ടർ എന്നിവർ റിപ്പോർട്ട് സമർപ്പിക്കാനും വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം നിർദേശിച്ചു.
കൃഷി വകുപ്പിനു കീഴിലെ സ്ഥാപനമായ തിരുവനന്തപുരം ആനയറയിലെ ‘സമേതി’ക്ക് 2018ൽ അനുവദിച്ച 10 ലക്ഷം രൂപ, കോഴിക്കോട്ടുള്ള വനജ എന്ന സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതുമായി ബന്ധപ്പെട്ട രേഖകളാണ് തിരുപുറം സ്വദേശിയായ മെർവിൻ എസ്.ജോയിയും മാതാവും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥയുമായ എസ്.സുനിതയും ആവശ്യപ്പെട്ടത്. അത്തരം രേഖകൾ ഒന്നുമില്ലെന്ന് കമ്മിഷന്റെ തെളിവെടുപ്പിൽ ഉദ്യോഗസ്ഥർ മൊഴി നൽകി. ഇതു സംബന്ധിച്ച് വകുപ്പ് ആസ്ഥാനത്തെ വിവരാധികാരി, അപ്പീൽ അധികാരി, അക്കൗണ്ട്സ് ഓഫിസർ, വിജിലൻസ് ഓഫിസർ, കൃഷി ഡയറക്ടർ, ട്രഷറി ഓഫിസർ തുടങ്ങിയവരെ വിളിച്ചു വരുത്തി കമ്മിഷൻ മൊഴിയെടുത്തു.
വ്യക്തമായ രേഖകൾ ഇല്ലാതെയും ചട്ടങ്ങൾ പാലിക്കാതെയും കൃഷി വകുപ്പ് ആസ്ഥാനത്ത് സാമ്പത്തിക ക്രയവിക്രയം നടക്കുന്നുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി. വർഷങ്ങളായി ഇവിടെ ട്രഷറി, ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട പരിശോധനകൾ നടക്കുന്നില്ലെന്ന് അധികൃതർ സമ്മതിച്ചു. 2018ലും 2020ലും 2 പ്രാവശ്യമായി 10 ലക്ഷം രൂപ ഒരേ അക്കൗണ്ടിലേക്ക് തെറ്റായി ക്രെഡിറ്റ് ചെയ്തതും കണ്ടെത്തി.
സോഫ്റ്റ്‌വെയറിൽ പ്രവേശിച്ച് ഗുണഭോക്താവിനെ മാറ്റിക്കൊടുത്ത് 20 ലക്ഷം രൂപ വകുപ്പിന് നഷ്ടപ്പെടുത്തിയെന്നും സമേതിക്ക് തുക കൈമാറിയിട്ടില്ലെന്നും കമ്മിഷൻ കണ്ടെത്തി. തെറ്റു ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം ഊഹങ്ങളുടെ അടിസ്ഥാനത്തിൽ ചിലരെ കുറ്റക്കാരായി പ്രഖ്യാപിച്ചു ജോലിയിൽ നിന്നു പുറത്താക്കി. ഇതുവഴി യഥാർഥ കുറ്റവാളികൾ രക്ഷപ്പെട്ടെന്നും കമ്മിഷൻ വിലയിരുത്തി.