ഹേമ കമ്മിറ്റി റിപ്പോർട്ട്: 5 വർഷം അനങ്ങിയില്ല; സിനിമയിൽ ട്രൈബ്യൂണൽ സാധ്യത പഠിക്കാൻ സർക്കാർ

Mail This Article
തിരുവനന്തപുരം ∙ സിനിമ മേഖലയിലെ പരാതികൾ കേൾക്കാനും പരിഹാരം കാണാനുമായി പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി സാംസ്കാരിക ഡയറക്ടർ, ഡപ്യൂട്ടി സെക്രട്ടറി, ലേബർ കമ്മിഷണർ, വനിതാ ശിശു വികസന ഡയറക്ടർ എന്നിവരെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ എടുത്ത പൊലീസ് കേസുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഡിഐജി അജിത ബീഗത്തെയും ഉൾപ്പെടുത്തി വർക്കിങ് കമ്മിറ്റി രൂപീകരിച്ചു.
ഹേമ കമ്മിറ്റിയുടെ ശുപാർശകൾ എങ്ങനെ നടപ്പാക്കാമെന്നു സിനിമാരംഗത്തെയും മറ്റും പ്രതിനിധികളുമായി ആശയവിനിമയം നടത്തി റിപ്പോർട്ട് തയാറാക്കണം. കരട് റിപ്പോർട്ട് ഇൗ മാസം 27നു മുൻപ് സമർപ്പിക്കണം. വരുന്ന ബജറ്റിൽ ട്രൈബ്യൂണൽ രൂപീകരണം പ്രഖ്യാപിക്കാനാണു സർക്കാരിന്റെ ആലോചന.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ എല്ലാ ഓഫിസുകളിലും രൂപീകരിക്കണമെന്നു നിയമമുണ്ട്. എന്നാൽ, സിനിമ മേഖലയിൽ ഇതു പ്രായോഗികമല്ലെന്നാണു ഹേമ കമ്മിറ്റി വിലയിരുത്തിയത്. പകരം ജില്ലാ ജഡ്ജിയുടെ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ മുഖ്യ ശുപാർശ. കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ അധികാരം നൽകണം. ട്രൈബ്യൂണലിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മാത്രമേ പുനഃപരിശോധിക്കാനാകൂ.
അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്താൻ ട്രൈബ്യൂണലിന് അധികാരം നൽകണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള നീക്കത്തെ അട്ടിമറിക്കാൻ സിനിമ മേഖലയിൽ നിന്നു നീക്കമുണ്ടായിരുന്നു. അതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ച് 5 വർഷമായിട്ടും സർക്കാർ ട്രൈബ്യൂണൽ രൂപീകരിക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും എടുത്തില്ല. ഹൈക്കോടതിയുടെ കൂടി ഇടപെടലുണ്ടായപ്പോഴാണ് ഇക്കാര്യം പരിശോധിക്കാൻ തയാറാകുന്നത്.