‘റേഷനു പകരം പണം’ വേണ്ട: കേന്ദ്രമന്ത്രിയോടു കേരളം

Mail This Article
തിരുവനന്തപുരം ∙ റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യത്തിനു പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കുന്നതിന് കേരളം അനുകൂലമല്ലെന്ന് മന്ത്രി ജി.ആർ.അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയെ അറിയിച്ചു. കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതി നടപ്പായാൽ റേഷൻ വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു വിഭാഗങ്ങൾ എന്നിവരെ ബാധിക്കുമെന്നാണു സംസ്ഥാന സർക്കാരിന്റെ ആശങ്ക. ഈ ആശങ്ക പരിഗണിച്ചു മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങിനുള്ള സമയം മാർച്ച് 31ൽ നിന്നു മേയ് 31 വരെ നീട്ടണമെന്നും ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.