ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള തയാറെടുപ്പുകളിലേക്ക് രാഷ്ട്രീയ കക്ഷികൾ കടക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് മാറുമോ, മാറിയാലാര് എന്ന ചർച്ചയിലാണ് കോൺഗ്രസ്. പുതിയ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള നടപടികളിലാണ് ബിജെപി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണോ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുകയെന്ന ചർച്ച സിപിഎമ്മിലുമുണ്ട്. 

കോൺഗ്രസ് 

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാറിയേക്കുമെന്ന സൂചന വന്നതോടെ പിൻഗാമിയാകാനുള്ള അണിയറ നീക്കം സജീവമായി. ആര് പ്രസിഡന്റാകണമെന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം ധാരണയിലെത്തട്ടെയെന്നാണ് ഇതുവരെ ദേശീയ നേതൃത്വത്തിന്റെ നിലപാട്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി നേതാക്കളുടെ മനസ്സറിയാൻ ചർച്ച നടത്തിയെങ്കിലും ഒറ്റപ്പേരിലേക്ക് കാര്യങ്ങളെത്തിയിട്ടില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു താൽപര്യമുള്ളവർ എന്ന നിലയിൽ ഏതാനും പേരുകൾ ചർച്ചകളിലുണ്ട്. കെ.സുധാകരന്റെ നിലപാടാണ് നിർണായകം. രമേശ് ചെന്നിത്തലയുടെ അഭിപ്രായമെന്തെന്നതിലും ആകാംക്ഷയുണ്ട്. 

ഗ്രൂപ്പ് അടിസ്ഥാനത്തിൽ പേരു മുന്നോട്ടുവയ്ക്കുന്ന രീതിയില്ലെന്നതാണ് ഇത്തവണത്തെ മാറ്റം. മാന്യമായ പരിഗണന സുധാകരനോട് നിലനിർത്തിക്കൊണ്ടാകണം ചർച്ചയും നടപടികളുമെന്ന നിർബന്ധം സുധാകരനെ അനുകൂലിക്കുന്നവർക്കുമുണ്ട്. അക്കാര്യം ഹൈക്കമാൻഡും ഉറപ്പു കൊടുക്കുന്നു.

പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കണമെന്ന് ചിലർ കേന്ദ്രനേതൃത്വത്തെ ആഗ്രഹം അറിയിച്ചിട്ടുമുണ്ട്. രാഹുൽ ഗാന്ധിയും സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സജീവമായി ഇടപെടുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ കാര്യത്തിൽ ഇവരുടെ അഭിപ്രായം നിർണായകമാകും.

പലവിധ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ച് ആന്റോ ആന്റണി, ബെന്നി ബഹനാൻ, സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവരുടെ പേരുകൾ സജീവ ചർച്ചയിലുണ്ട്. സീനിയോറിറ്റിയുടെ കൂടി അടിസ്ഥാനത്തിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേരുമുയർന്നു. മുല്ലപ്പള്ളി രാമചന്ദ്രനും കെ.സുധാകരനും കീഴിൽ വർക്കിങ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നയാളാണ് സുരേഷ്. മുൻപ് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിച്ചിട്ടുള്ള എം.എം.ഹസന്റെ പേരും ചിലർ ചൂണ്ടിക്കാട്ടുന്നു. 

സംസ്ഥാന പ്രസിഡന്റായി പരിഗണിക്കപ്പെടുന്നവരിൽ 50 വയസ്സിൽ താഴെയുള്ളവർ എന്ന മട്ടിൽ ഡൽഹി ചർച്ചകളിൽ രാഹുൽ ഗാന്ധി നിലപാടെടുക്കുമോ എന്ന ചോദ്യവുമുണ്ട്. 50 വയസ്സുള്ള ജിത്തു പട്‌വാരിയെ മധ്യപ്രദേശ് പിസിസി പ്രസിഡന്റായി നിർദേശിച്ചത് രാഹുലാണ്. തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ സീനിയർ നേതാവ് പ്രസിഡന്റാകണമെന്ന നിലപാടിലാണ് സംസ്ഥാനത്തെ നേതാക്കൾ.

സിപിഎം

നേതൃമാറ്റ സാധ്യതയെക്കുറിച്ചുള്ള ചർച്ച പാർട്ടിയെ സംബന്ധിച്ചല്ല, സർക്കാരുമായി ബന്ധപ്പെട്ടാണ്. തുടർച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയാകാനുള്ള സാധ്യത പിണറായി വിജയൻ തേടുമോ അതോ മത്സരിക്കാതെ മാറിനിൽക്കുമോ എന്നതിലാണ് ആകാംക്ഷ. കഴിഞ്ഞയാഴ്ച മാധ്യമങ്ങൾ അക്കാര്യം ചോദിച്ചപ്പോ‍ൾ വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. പിണറായി മാറിയാൽപോലും പകരം ആര് എന്ന ചോദ്യമുണ്ട്. അതുകൊണ്ടു കൂടിയാണ് വീണ്ടും അദ്ദേഹം മത്സരിക്കാനുള്ള സാധ്യത ഉയരുന്നത്. 

2026–ൽ 81 വയസ്സാകുന്ന പിണറായി അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പു മത്സരങ്ങൾ അവസാനിപ്പിച്ചേക്കാമെന്ന സൂചന ചില പാർട്ടികേന്ദ്രങ്ങൾ നൽകുന്നു. മത്സരിക്കാതെ മാറിനിന്നുകൊണ്ട് പ്രചാരണം പിണറായി നയിക്കാനുള്ള സാധ്യതയാണ് അവർ പ്രവചിക്കുന്നത്.

പിണറായി ഒഴിവായാൽ പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം.വി.ഗോവിന്ദൻ, എം.എ.ബേബി, എ.വിജയരാഘവൻ എന്നിവരുടെ പേരുകളാണ് പാർട്ടിയുടെ സംഘടനാ ശ്രേണി കണക്കിലെടുക്കുമ്പോൾ ഉയരുന്നത്. പാർട്ടിയുടെ നിയമസഭാകക്ഷി ടീമിനെ നയിക്കാനായി ഇവരെ നിയോഗിക്കുമെന്ന് കരുതുന്നവർ ഇപ്പോൾ കുറവാണ്. ഈ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കേരളത്തിൽ നിന്നു മറ്റാരെങ്കിലും കൂടി പിബിയിൽ എത്തുമോ എന്നതു കൂടി അപ്പോൾ കണക്കിലെടുക്കേണ്ടി വരും.

ബിജെപി

ബിജെപിയിൽ ബൂത്ത് തലം മുതൽ സംസ്ഥാന പ്രസിഡന്റ് പദം വരെ നീളുന്ന തിരഞ്ഞെടുപ്പു പ്രക്രിയ ഉടൻ പൂർത്തിയാകും. 14 ജില്ലാ കമ്മിറ്റികളെ 30 ജില്ലാ കമ്മിറ്റികളായി വിഭജിച്ചിരുന്നു. 30 ജില്ലാ പ്രസിഡന്റുമാരുടെയും പട്ടിക ഇൗ മാസം 27ന് പ്രഖ്യാപിക്കും. പുതിയ സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യാപനവും തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും. സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നതിന് ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇന്നലെ കേരളത്തിലെത്തി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടിയ ശേഷം ദേശീയ നേതൃത്വം സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതാണു രീതി.

ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് രഹസ്യ ബാലറ്റിലൂടെ അഭിപ്രായ ശേഖരണം നടത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കാൻ ആളുണ്ടെങ്കിൽ ഇതേരീതി നടത്താൻ നിർദേശിച്ചിട്ടുണ്ടെങ്കിലും സമവായത്തിനാണ് പ്രഹ്ലാദ് ജോഷി ലക്ഷ്യമിടുന്നത്. കെ.സുരേന്ദ്രൻ ഒരു ടേം (3 വർഷം) കഴിഞ്ഞ് 2 വർഷം കൂടി പൂർത്തിയാക്കി 5 വർഷം തികച്ചതിനാൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറേണ്ടിവരും. എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ‌ എന്നീ പേരുകൾ പരിഗണനയിലുണ്ടെങ്കിലും കേരളത്തിൽ നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾ ഇവർ വന്നാലും കുറയില്ലെന്നുള്ള വാദവും ദേശീയ നേതൃത്വത്തിനു മുന്നിലുണ്ട്.

English Summary:

Kerala Politics: Kerala political parties face significant leadership changes before the upcoming elections. The Congress is deliberating on replacing K Sudhakaran, while the BJP and CPM are also undergoing leadership transitions.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT