മുനമ്പം: ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടോ എന്ന് കോടതി
Mail This Article
കൊച്ചി ∙ മുനമ്പം വഖഫ് വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ നിയമപരമായ അവകാശം സർക്കാരിനുണ്ടോയെന്നു വ്യക്തമാക്കണമെന്നു ഹൈക്കോടതി നിർദേശം നൽകി. മുനമ്പം ഭൂമി പ്രശ്നത്തിൽ സർക്കാർ കമ്മിഷനെ നിയോഗിച്ചതിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. ഹർജി 29നു പരിഗണിക്കാൻ മാറ്റി.
വഖഫ് നിയമം കേന്ദ്ര നിയമമായതിനാൽ കമ്മിഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുനമ്പത്തെ 104 ഏക്കർ വഖഫ് ഭൂമിയാണെന്നു സിവിൽ കോടതി കണ്ടെത്തിയതാണെന്നും ഇക്കാര്യം ഹൈക്കോടതി ശരിവച്ചതാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. വഖഫ് എൻക്വയറി കമ്മിഷനും ഭൂമി വഖഫ് ഭൂമിയാണെന്നു കണ്ടെത്തി. ഇതു സർക്കാർ അംഗീകരിക്കുകയും ചെയ്തതാണെന്നും ഹർജിക്കാർക്കായി സീനിയർ അഭിഭാഷകൻ പി. ചന്ദ്രശേഖർ അറിയിച്ചു.
ഒരിക്കൽ സിവിൽ കോടതി ഭൂമിയുടെ അവകാശം തീർപ്പാക്കിക്കഴിഞ്ഞാൽ തുടർന്നു കോടതിക്ക് ഉൾപ്പെടെ ഇടപെടാനാവില്ലെന്നും ഈ ഭൂമി കമ്മിഷന്റെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.