പി.പി.ദിവ്യയ്ക്കെതിരെ വീണ്ടും കെഎസ്‌യു

Mail This Article
കണ്ണൂർ∙ പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, ജില്ലാ നിർമിതികേന്ദ്രയ്ക്കു നൽകിയ നിർമാണക്കരാറുകൾ ദിവ്യയുമായി ബന്ധപ്പെട്ടവരുടെ ബെനാമി കമ്പനിയായ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡിനു നൽകിയത് അന്വേഷിക്കണമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. പടിയൂർ എബിസി കേന്ദ്രത്തിന്റെ നിർമാണക്കരാർ ഈ കമ്പനിക്കു ലഭിച്ചത് ജില്ലാ നിർമിതികേന്ദ്ര വഴിയാണെന്ന് ഷമ്മാസ് മാധ്യമങ്ങളോടു പറഞ്ഞു.
ബെനാമി കമ്പനിയും ദിവ്യയുമായി അടുപ്പമുള്ളവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിജിലൻസിൽ പരാതി നൽകുമെന്നും ഷമ്മാസ് പറഞ്ഞു. ആരോപണങ്ങൾക്കു മറുപടി നൽകുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും പി.പി.ദിവ്യ അറിയിച്ചു.
പി.പി.ദിവ്യ വീണ്ടും പൊതുപരിപാടിയിൽ
ഇരിണാവ് (കണ്ണൂർ) ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷം ആദ്യമായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഇന്നലെ പൊതുപരിപാടിയിൽ പങ്കെടുത്തു. സ്വന്തം നാട്ടിലെ നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു ദിവ്യ പങ്കെടുത്തത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു ഉദ്ഘാടകൻ. അധ്യക്ഷനായ എം.വിജിൻ എംഎൽഎ വൈകിയതിനാൽ ചടങ്ങിന്റെ തുടക്കത്തിൽ അധ്യക്ഷത വഹിച്ചതു ദിവ്യയാണ്.