മാറിയ ഭക്ഷണ രീതി അപകടം: സൗമ്യ സ്വാമിനാഥൻ

Mail This Article
കൊച്ചി ∙ രാജ്യം നേരിടുന്ന പ്രധാന ആരോഗ്യഭീഷണി മാറിയ ഭക്ഷണരീതിയാണെന്ന് ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. വീട്ടുചെലവിൽ 10% തുക സംസ്കരിച്ച, ‘റെഡി ടു ഈറ്റ്’ ഭക്ഷണങ്ങൾക്കു വേണ്ടിയാണ്. ഉയർന്ന അളവിൽ കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഇത്തരം ഭക്ഷണം ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നതായി കേന്ദ്ര മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
അമിത ഭക്ഷണം മൂലമുള്ള പ്രശ്നങ്ങൾക്കൊപ്പം തന്നെ പോഷകക്കുറവ്, വിളർച്ച, സൂക്ഷ്മ പോഷകങ്ങളുടെ കുറവ് എന്നിവയും നിലനിൽക്കുന്നു. പ്രമേഹം ഉൾപ്പെടെ ജീവിതശൈലീ രോഗങ്ങൾ കേരളത്തിലും തമിഴ്‌നാട്ടിലും വർധിച്ചു വരുന്നതിന് ഒരു കാരണം ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങളാണ്. പ്രോട്ടീൻ ആവശ്യങ്ങൾ നിറവേറ്റാൻ പൊടിച്ചതും ഉണക്കിയതും ഒക്കെയായി മത്സ്യ വിഭവങ്ങൾ ചെറുപ്രായത്തിൽ തുടങ്ങി ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ഡോ. സൗമ്യ പറഞ്ഞു.
ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷന്റെ കണക്കുപ്രകാരം ജനസംഖ്യയിൽ പകുതിയോളം ഇന്ത്യക്കാർ ആവശ്യമായ പോഷകാഹാരം ലഭിക്കാൻ ശേഷിയില്ലാത്തവരാണ്. ധാരാളം അന്നജവും കുറഞ്ഞ ഭക്ഷണ വൈവിധ്യവും എന്ന സ്ഥിതിയുണ്ട്.