സ്പാർക്കിലേക്കുള്ള പരാതിക്ക് ഇന്നു മുതൽ സോഫ്റ്റ്‌വെയർ
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ പുതിയ സോഫ്റ്റ്‌വെയർ ഇന്നു മുതൽ. നേരിട്ടും ഇമെയിൽ വഴിയും ഫോൺ വഴിയും ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.
ജീവനക്കാരുടെ വ്യക്തി വിവരങ്ങളിലെയും ശമ്പള ബില്ലിലെയും നേരിയ പിശകു പോലും ശമ്പളം മുടങ്ങുന്നതിനു കാരണമാകുന്നതിനാലാണു പരാതികളും പെരുകുന്നത്. www.info.spark.gov.in എന്ന വെബ്‌സൈറ്റിൽ പെൻ നമ്പറും ഇമെയിൽ വിലാസവും മൊബൈൽ നമ്പറും നൽകി പരാതി റജിസ്റ്റർ ചെയ്യാം. ഇതിനു ടിക്കറ്റ് ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷയുടെ സ്ഥിതി പരിശോധിക്കാം. പുതിയ സംവിധാനം നടപ്പാക്കുന്നതിനാൽ ഇതുവരെ ഉപയോഗിച്ചിരുന്ന info@spark.gov.in എന്ന ഇമെയിൽ വിലാസത്തിലേക്കുള്ള സന്ദേശങ്ങൾ ഇന്നു മുതൽ സ്വീകരിക്കില്ല. മുൻപു നൽകിയ അപേക്ഷകളിൽ തീരുമാനമുണ്ടാകാത്തവ ഇനി പുതിയ സംവിധാനത്തിലൂടെ റജിസ്റ്റർ ചെയ്യണം.