സംസ്ഥാനത്ത് മദ്യവില കൂട്ടി; തീരുമാനം മദ്യനിർമാണക്കമ്പനികളുടെ ആവശ്യം പരിഗണിച്ച്

Mail This Article
തിരുവനന്തപുരം ∙ മദ്യനിർമാണ പ്ലാന്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കെ, മദ്യത്തിനു വില കൂട്ടി സർക്കാർ. ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബീയറിനും വൈനിനും വില വർധിപ്പിച്ചു. മദ്യനിർമാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. ശരാശരി 10% വിലവർധന ഒരു കുപ്പിയിലുണ്ടാകും. ബവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലീറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് 650 രൂപയായി. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും.
ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വില കൂട്ടി നൽകും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചുരുക്കം ചില ബ്രാൻഡുകളുടെ വില കുറഞ്ഞപ്പോൾ, ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുന്നുമുണ്ട്.
ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യ ക്കമ്പനികൾ വിലവർധന ആവശ്യപ്പെട്ടത്.