സിബിഐയിൽ നിന്നാണെന്ന് പറഞ്ഞ് സൈബർ തട്ടിപ്പ്; 45 ലക്ഷം കവർന്നു

Mail This Article
കോഴഞ്ചേരി (പത്തനംതിട്ട) ∙ സിബിഐയിൽ നിന്നെന്ന വ്യാജേന പ്രതിരോധ വകുപ്പ് മുൻ ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് സൈബർ തട്ടിപ്പുകാർ 45 ലക്ഷം കവർന്നതായി പരാതി. കുഴിക്കാല കല്ലുംപുറത്ത് കെ.തോമസിന്റെ (83) കുഴിക്കാല ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് രണ്ട് ദിവസങ്ങളിലായി ഈ തുക തട്ടിപ്പുകാർ കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ വിളിച്ചത്. ഈ മാസം 20നാണ് സിബിഐ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ഒരാൾ തോമസിനു ഫോൺ ചെയ്യുന്നത്. ബാങ്ക് അക്കൗണ്ടിലെ നിക്ഷേപ വിവരങ്ങൾ തേടിയ ശേഷം കൂടുതൽ സുരക്ഷിതത്വത്തിനായി പണം തട്ടിപ്പുകാരൻ നൽകിയ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാൻ പറഞ്ഞു.
തുടർന്ന് 10 ലക്ഷം രൂപ തട്ടിപ്പുകാരൻ പറഞ്ഞ അസമിലെ അക്കൗണ്ടിലേക്കു മാറ്റി. ഇടപാട് ശ്രദ്ധയിൽപെട്ട ബാങ്ക് ഉദ്യോഗസ്ഥൻ മുന്നറിയിപ്പു നൽകിയിരുന്നു. സിബിഐയിലെ ഉദ്യോഗസ്ഥയെന്നു പറഞ്ഞ് അടുത്ത ദിവസം മറ്റൊരു ഫോൺ കോൾ വന്ന ശേഷം 35 ലക്ഷം കൂടി ഇദ്ദേഹം അസമിലെ ബ്രാഞ്ചിലേക്ക് അയച്ചു. പിന്നീട് ഷെയർ മാർക്കറ്റിലെ തുക കൂടി ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാൻ പറഞ്ഞപ്പോഴാണ് തോമസിനു സംശയം തോന്നിയത്. തുടർന്ന് തോമസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഭാര്യ മരിച്ചതോടെ തനിച്ചു ജീവിക്കുന്ന തോമസിന്റെ മകൻ വിദേശത്താണ്.