ഗുരുവായൂർ ദൊരൈ: താളം വിളഞ്ഞ ജീവിതം

Mail This Article
എട്ടാം വയസ്സിൽ സാക്ഷാൽ ചെമ്പൈ വൈദ്യനാഥഭാഗവതരോടൊപ്പം മൃദംഗം വായിച്ചായിരുന്നു വൈദ്യനാഥൻ എന്ന ഗുരുവായൂർ ദൊരൈയുടെ സംഗീതജീവിതത്തിന്റെ തുടക്കം. 5–ാം വയസ്സിൽ പോളിയോ ബാധിച്ച മകനെ ഗുരുവായൂരിനു പുറത്തേക്കു വിടുന്നത് പ്രയാസമാകുമെന്നു കരുതിയാണ് അച്ഛൻ ജി.എസ് കൃഷ്ണയ്യർ മൃദംഗം പഠിപ്പിച്ചത്.
-
Also Read
തിളക്കമായി മലയാളി സാന്നിധ്യം
വെറുതെയിരിക്കുമ്പോഴെല്ലാം മകൻ താളം പിടിക്കുന്നത് അച്ഛൻ മുൻപുതന്നെ ശ്രദ്ധിച്ചിരുന്നു. വായ്പ്പാട്ടിൽ മികവുകാട്ടുന്ന മകൾ പൊന്നമ്മാളിനും വയലിനിൽ പ്രസിദ്ധനായ മകൻ ജി.െക.രാജാമണിക്കും കൂട്ടിന് വീട്ടിലൊരു മൃദംഗവിദ്വാൻ കൂടിയിരിക്കട്ടെയെന്നും അദ്ദേഹം വിചാരിച്ചു. 3 പേരും ഒരുമിച്ചുള്ള കച്ചേരി അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ജി.എസ് കൃഷ്ണയ്യരുടെ ദീർഘവീക്ഷണം പിഴച്ചില്ലെന്ന് മകൻ തെളിയിച്ചു. ഇപ്പോഴിതാ, പത്മപുരസ്കാരത്തിലൂടെയും കീർത്തിനേടിയിരിക്കുന്നു.
പാലക്കാട് സുബ്ബയ്യരുടെ കീഴിൽ 6–ാം വയസ്സിൽ മൃദംഗപഠിച്ചുതുടങ്ങിയ ദൊരൈ പിന്നീട് എരനല്ലൂരിലെ ഇ.പി.നാരാണപിഷാരടിയുടെയും പിൽക്കാലത്ത് പഴനി സുബ്രഹ്മ്യണ്യം പിള്ളയുടെയും ശിഷ്യനായി.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ പൊന്നമ്മാളിനെയും സഹോദരി രാജത്തെയും പാട്ടുപഠിപ്പിക്കുന്നുണ്ടായിരുന്നു. ഗുരുവായൂരിൽ വരുമ്പോഴെല്ലാം ചെമ്പൈ തങ്ങിയതും അവരുടെ വീട്ടിലായിരുന്നു. ആ അടുപ്പമാണ് ചെമ്പൈയുടെ കച്ചേരിക്ക് മൃദംഗം വായിക്കുന്നതിനു വഴിയൊരുക്കിയത്.
മൃദംഗവാദനത്തിലെ പുതുക്കോട്ട ശൈലിയുടെ വക്താവായ ദൊരൈ 9 വർഷം പഴനി സുബ്രഹ്മണ്യംപിള്ളയുടെ വീട്ടിൽ താമസിച്ചുപഠിച്ചാണ് കൈത്തഴക്കം നേടിയത്. മുസിരി സുബ്രഹ്മണ്യ അയ്യർ, എം.ഡി.രാമനാഥൻ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ജി.എൻ.ബാലസുബ്രഹ്മണ്യം തുടങ്ങിയ പ്രമുഖ സംഗീതജ്ഞർക്കെല്ലാം ഒപ്പം ദൊരൈ മൃദംഗം വായിച്ചു. എം.എസ്.സുബ്ബലക്ഷ്മി ന്യൂയോർക്കിൽ അവതരിപ്പിച്ച സംഗീത പരിപാടിയിലും പക്കമേളം ദൊരൈയുടേതായിരുന്നു.
പ്രശസ്ത സംഗീതജ്ഞ ഗുരുവായൂർ പൊന്നമ്മാൾ, ഗുരുവായൂർ രാജം, പ്രശസ്ത വയലിനിസ്റ്റ് ഗുരുവായൂർ രാജാമണി, ബാലൻ, രാധ എന്നീ സഹോദരങ്ങളോടൊപ്പം ഗുരുവായൂർ പടിഞ്ഞാറേ നടയിലായിരുന്നു ദൊരൈയുടെ കുടുംബം താമസിച്ചിരുന്നത്. 1948 ൽ ഗുരുവായൂർ വിട്ടു ചെന്നൈയിൽ താമസമാക്കി. ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിന് ഒട്ടേറെ തവണ ദൊരൈ മൃദംഗവാദകനായി എത്തിയിട്ടുണ്ട്. ഗുരുവായൂർ പൊന്നമ്മാൾ സിനിമയിലും പാടിയിട്ടുണ്ട്. സീതാലക്ഷ്മിയാണ് ദൊരൈയുടെ ഭാര്യ. പ്രശസ്ത നർത്തകിയായ മകൾ ഉഷാ ദൊരൈ മലേഷ്യയിൽ നൃത്ത വിദ്യാലയം നടത്തുന്നു.