റേഷൻ സമരം: ഗതാഗത കരാറുകാർ പിന്മാറി; വ്യാപാരികൾ പണിമുടക്കും

Mail This Article
തിരുവനന്തപുരം ∙ ബിൽ കുടിശിക സംബന്ധിച്ചു സപ്ലൈകോയുമായി ധാരണയിൽ എത്തിയതോടെ റേഷൻ സമരത്തിൽനിന്നു ഗതാഗത കരാറുകാർ പിന്മാറി. എന്നാൽ, നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്ന റേഷൻ വ്യാപാരികൾക്കെതിരെ നടപടികൾ ആരംഭിക്കുമെന്ന സൂചനയുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ രംഗത്തെത്തി.
ഇന്നലെ കരാറുകാരുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ മന്ത്രി ജി.ആർ.അനിലും സപ്ലൈകോ എംഡി പി.ബി.നൂഹും ഒക്ടോബറിലെ ബിൽ കുടിശിക പൂർണമായും നവംബറിലേത് 60 ശതമാനവും നൽകാമെന്നു സമ്മതിച്ചതോടെയാണു സമരം ഒത്തുതീർന്നത്. സപ്ലൈകോയ്ക്ക് സർക്കാർ 50 കോടി രൂപ അനുവദിച്ചെങ്കിലും സെപ്റ്റംബറിലെ കുടിശികയുടെ 40% മാത്രമാണ് എല്ലാ കരാറുകാർക്കും നൽകിയത്. പണിമുടക്കു തുടരുന്നതിനാൽ, ഭൂരിഭാഗം കരാറുകാർക്കും ഒക്ടോബറിലെ പണം നൽകിയിരുന്നില്ല. ഇന്നലെ നടന്ന ചർച്ചയിൽ ധാരണയായതോടെ, തിങ്കളാഴ്ച മുതൽ വിതരണം പുനരാരംഭിക്കും.
ഇതിനിടെ, റേഷൻ വിതരണം തടസ്സപ്പെട്ടാൽ നിയമനടപടി സ്വീകരിക്കാൻ അനുവദിക്കുന്ന ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥ ഉപയോഗപ്പെടുത്താനാണു ഭക്ഷ്യ കമ്മിഷന്റെ തീരുമാനം. സംസ്ഥാനത്തെ 94.82 ലക്ഷം കാർഡ് ഉടമകളിൽ 59.41 ലക്ഷം പേർക്കാണ് (62.65%) ജനുവരിയിലെ റേഷൻ ഇതുവരെ നൽകിയത്. വിതരണക്കാരുടെ സമരം കാരണം ജനുവരിയിലെ സാധനങ്ങൾ പൂർണമായി കടകളിൽ എത്തിയിരുന്നില്ല. നിലനിൽപിനായി സമരരംഗത്തിറങ്ങുന്ന വ്യാപാരികളോടുള്ള കമ്മിഷന്റെ നടപടി ജനാധിപത്യ സംവിധാനത്തിനു യോജിച്ചതല്ലെന്നു റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
വ്യാപാരികൾ പുനരാലോചന നടത്തണമെന്ന് മന്ത്രി
കൊല്ലം ∙ റേഷൻ സമരത്തിൽ വ്യാപാരികൾ പുനരാലോചന നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. ചർച്ചയിൽ എല്ലാ കാര്യവും പരിഹരിക്കാൻ സാധിച്ചിട്ടില്ല. ചിലത് തുടർന്നു പരിഹരിക്കുമെന്നാണ് പറഞ്ഞത്. പ്രധാനപ്പെട്ട പല കാര്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ക്ഷേമനിധി പോലെയുള്ള കാര്യങ്ങൾക്ക് സഹായം നൽകാമെന്നും അറിയിച്ചിട്ടുണ്ട്. റേഷൻ വാങ്ങുന്ന ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തരത്തിൽ സമരം നടത്തണോ എന്ന് വ്യാപാരികൾ ചിന്തിക്കണം – മന്ത്രി പറഞ്ഞു.