എലപ്പുള്ളി മദ്യനിർമാണശാല: പഞ്ചായത്തിനെ അറിയിച്ചെന്ന് കത്ത്

Mail This Article
പാലക്കാട് ∙ മദ്യനിർമാണശാല തുടങ്ങുന്ന വിവരം 2024 ഫെബ്രുവരിയിൽ തന്നെ എലപ്പുള്ളി പഞ്ചായത്തിനെ അറിയിച്ചെന്ന വിവരവുമായി കത്ത്. കമ്പനിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിക്കാൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ഓൺലൈനായി വിളിച്ച യോഗത്തിന്റെ കത്താണു പുറത്തുവന്നത്. 2024 ഫെബ്രുവരി 26നാണ് ഓൺലൈൻ യോഗം ചേർന്നത്.
ഒയാസിസ് കമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരും എഥനോൾ, ഇഎൻഎയുടെ മൾട്ടി ഫീഡ് നിർമാണ യൂണിറ്റ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നുള്ള വിവരങ്ങളും കത്തിലുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഏകജാലക ക്ലിയറൻസ് ബോർഡിന്റെ യോഗമാണു ചേർന്നത്. പഞ്ചായത്ത് സെക്രട്ടറിക്കാണു കത്ത് നൽകിയിട്ടു ള്ളത്.
എന്നാൽ കത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ ഭരണസമിതിയുടെയും ജനങ്ങളുടെയും ശ്രദ്ധയിലെത്തിച്ചതാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അധ്യക്ഷ കെ.രേവതി ബാബുവും പഞ്ചായത്ത് സെക്രട്ടറി എസ്.എൽ.സുമയും അറിയിച്ചു. ഫെബ്രുവരി 26ന് ഓൺലൈൻ യോഗം ചേരുമെന്ന് അറിയിച്ച് 24നാണു കത്ത് മെയിലിൽ വന്നത്. അന്നു കണ്ണിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അവധിയിലായിരുന്നതിനാൽ അസിസ്റ്റന്റ് സെക്രട്ടറിയാണു യോഗത്തിൽ പങ്കെടുത്തതെന്നും സെക്രട്ടറി പറഞ്ഞു.
കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചിട്ടുണ്ടോ എന്നു മാത്രമാണു യോഗത്തിൽ ആരാഞ്ഞത്. അന്നു കമ്പനി സംബന്ധിച്ച് ഒരു തരത്തിലുള്ള വിവരങ്ങളും ജനശ്രദ്ധയിലെത്തിയിട്ടുണ്ടായിരുന്നില്ല. സ്വാഭാവികമായും ഒരു പരാതിയും ലഭിച്ചിരുന്നില്ല. ഈ വിവരം അസി.സെക്രട്ടറി അറിയിക്കുകയും ചെയ്തു. ഇക്കാര്യം ജനങ്ങളോടും പഞ്ചായത്തിന്റെ അടിയന്തര യോഗത്തിലും വിശദീകരിച്ചിരുന്നെന്നും സെക്രട്ടറി പറഞ്ഞു.