നവ ആശയങ്ങളുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ

Mail This Article
കൊച്ചി ∙ കൊച്ചിയിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഒരാഴ്ച നീളുന്ന അരങ്ങൊരുക്കി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’നു തുടക്കം. ജെയിൻ ഡീംഡ് ടു ബി സർവകലാശാലയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അക്കാദമിക് താൽപര്യമുള്ളവരെയും വിനോദപ്രേമികളെയും ഒരുപോലെകണ്ട് ഒരുക്കിയ പരിപാടികളാണ് സമ്മിറ്റിൽ. ഇന്നലെ കാക്കനാട് കിൻഫ്ര കൺവൻഷൻ ഹാളിലെ ഉദ്ഘാടനച്ചടങ്ങിനു ശേഷം കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറി. കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യവിരുന്ന് ഒരുക്കിയത്.
‘ഭാവി വിദ്യാഭ്യാസം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണു സമ്മിറ്റിൽ ഇന്നു വിവിധ ചർച്ചകൾ. പ്രമുഖർ നയിക്കുന്ന മാസ്റ്റർ ക്ലാസുകളും ഉണ്ടാകും. വൈകിട്ട് ബോളിവുഡ് ഗായകൻ അർമാൻ മാലിക്, മുഹമ്മദ് മുബാസ് എന്നിവരുടെ സംഗീത പരിപാടികളുണ്ട്.
ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത ശേഷമെത്തിയാണു മന്ത്രി പി.രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഇത്തരം ഉച്ചകോടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും സമാനമായ സമ്മിറ്റുകളുടെ വേദിയായി മാറാൻ കേരളത്തിനു കഴിയുന്നതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണു ജെയിൻ സർവകലാശാല കേരളത്തിൽ വന്നിരിക്കുന്നതെന്നു സർവകലാശാല ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.
സ്വാശ്രയ കോളജുകൾക്കെതിരെ സമരം ചെയ്തിരുന്ന കേരളം ഇന്നു സ്വകാര്യ സർവകലാശാലകളെ നമ്മുടെ നാട്ടിലേക്കു ക്ഷണിക്കുന്നതിന്റെ തിരക്കിലാണെന്നും ഇത്തരം ഉച്ചകോടിയിലൂടെ വിദ്യാർഥികളെ കേരളത്തിലേക്കു മടക്കി കൊണ്ടുവരാൻ കഴിയുമെന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹൈബി ഈഡൻ എംപി പറഞ്ഞു.
ഓട്ടോ ഓടിക്കുന്നവർ മുതൽ തെങ്ങു കയറുന്നവർക്കു വരെ ഈ സമ്മിറ്റ് ഉപകരിക്കണമെന്ന് നിർബന്ധമുണ്ടെന്നാണു ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞത്.