കനിവ് 108 ശൃംഖലയ്ക്ക് പുതിയ 336 ആംബുലൻസ് വേണം; ടെൻഡറായി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് സർവീസ് ശൃംഖലയ്ക്കു 336 വാഹനങ്ങൾ ലഭ്യമാക്കുന്നതിനും പദ്ധതിയുടെ നടത്തിപ്പിനും വേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്എസിഎൽ) ടെൻഡർ ക്ഷണിച്ചു. നിലവിലുള്ള 316 ആംബുലൻസുകൾക്കു പകരം പുതിയവയും അതിനു പുറമേ വെന്റിലേറ്റർ സൗകര്യമുള്ള 14 ആംബുലൻസുകളും നവജാത ശിശുക്കളെ കൊണ്ടുപോകാനുള്ള 6 ആംബുലൻസുകളും സർവീസിന് ലഭ്യമാക്കാനാണു കരാർ.
നിലവിലെ കരാറിന്റെ 5 വർഷ കാലാവധി മേയിൽ പൂർത്തിയായി. പുതിയ കരാർ ഉറപ്പിക്കുന്നതുവരെ നിലവിലെ കമ്പനിയായ തെലങ്കാനയിലെ ഇഎംആർഐ ഗ്രീൻ ഹെൽത്ത് തുടരും. ഈ കമ്പനിക്ക് ഇതുവരെ 400 കോടി രൂപ നൽകി. 75 കോടി രൂപ കുടിശികയാണ്.
സംസ്ഥാനത്തു 2010ലാണു പദ്ധതി ആരംഭിക്കുന്നത്. അഞ്ചു വർഷത്തേക്കാണു കരാർ. ആംബുലൻസുകൾ ലഭ്യമാക്കുന്നതിനൊപ്പം സർവീസ് ഓപ്പറേഷനും കമ്പനി നിർവഹിക്കണം. നിലവിലെ കരാറിൽ 5 വർഷം കൊണ്ടു 11 ലക്ഷം പേരെ ആശുപത്രികളിൽ എത്തിച്ചു. 2019ലെ കരാർ അനുസരിച്ച് ഒരു ആംബുലൻസിന് വർഷം 2.64 ലക്ഷം രൂപയാണു ചെലവ്. വർഷം 10% വർധിപ്പിക്കും.