ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണം മാർച്ച് 25 ന്

Mail This Article
പുത്തൻകുരിശ്∙ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ മാർച്ച് 25 ന് ലബനനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. സ്ഥാനാരോഹണ ചടങ്ങുകൾക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിക്കും. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെയും യാക്കോബായ സഭയിലെയും മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും. മാർച്ച് 26 ന് പരിശുദ്ധ ബാവായുടെ അധ്യക്ഷതയിൽ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് ചേരും.1994 ജനുവരി 16 ന് 33-ാം വയസ്സിൽ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാണ് ഡമാസ്കസിൽ കൊച്ചി ഭദ്രാസനത്തിനു വേണ്ടി ജോസഫ് മാർ ഗ്രിഗോറിയോസിനെ മെത്രാപ്പൊലീത്തയായി വാഴിച്ചത്.
18 വർഷം യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി പ്രവർത്തിച്ചു. 2019 ഓഗസ്റ്റ് 28നു പുത്തൻകുരിശിൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ, സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ 2024 ഫെബ്രുവരി 4 ന് നടത്തിയ കേരള സന്ദർശനത്തിൽ മലങ്കര മെത്രാപ്പൊലീത്തയായി പ്രഖ്യാപിച്ചു. പിന്നീട്, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ അനാരോഗ്യത്തെ തുടർന്ന് കാതോലിക്കോസ് അസിസ്റ്റന്റ് ആയി നിയമിച്ചു. തുടർന്ന് എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ പ്രസിഡന്റായി. 2024 ഡിസംബർ 8 ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര സന്ദർശനത്തിൽ ജോസഫ് മാർ ഗ്രിഗോറിയോസ് അടുത്ത കാതോലിക്കാ ആയിരിക്കുമെന്ന് അറിയിച്ചിരുന്നു.