ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യുവാവ് സഹയാത്രികനെ കുത്തി

Mail This Article
തൃശൂർ ∙ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്ത യുവാവ് സഹയാത്രക്കാരനെ കത്രിക കൊണ്ടു കുത്തിപ്പരുക്കേൽപിച്ചു. പ്ലാറ്റ്ഫോമിലൂടെ ഓടിയും പല കോച്ചുകളുടെ ഉള്ളിലെ ശുചിമുറികളിൽ ഒളിച്ചും കടന്നുകളയാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പൊലീസും ആർപിഎഫും യാത്രക്കാരുടെ സഹായത്തോടെ പിടികൂടി. സഹയാത്രക്കാരന്റെ ചുമലിൽ കുത്തേറ്റെങ്കിലും പരുക്കു സാരമുള്ളതല്ല. കുത്തേറ്റയാൾ പരാതി നൽകാൻ വിസമ്മതിച്ചതിനാൽ യുവാവിനെതിരെ പൊതുസ്ഥലത്തു ശല്യം സൃഷ്ടിച്ചതിനു കേസെടുത്തു വിട്ടയച്ചു. ബെംഗളൂരുവിൽ നിന്നു കന്യാകുമാരിയിലേക്കു പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസിൽ ഇന്നലെ രാവിലെ ഏഴേകാലോടെയാണു സംഭവം.
പൊലീസ് പറയുന്നത്: നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ നിന്നു പാലക്കാട്ടേക്കു ടിക്കറ്റെടുത്തു യാത്ര ചെയ്യുകയായിരുന്നു. പാലക്കാട്ട് ഇറങ്ങേണ്ടതിനു പകരം കായംകുളത്തേക്കു പോകാൻ യുവാവ് തീരുമാനിച്ചെങ്കിലും ടിക്കറ്റുണ്ടായിരുന്നില്ല. തൃശൂരിൽ എത്താറായപ്പോൾ യുവാവിനോടു ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു. ഈ സമയം ഇയാൾ തട്ടിക്കയറി. ടിടിഇ ആർപിഎഫിനെ വിവരമറിയിച്ചു. മറ്റു യാത്രക്കാർ ടിടിഇക്കു സംരക്ഷണമൊരുക്കാനെത്തി. തൃശൂർ സ്റ്റേഷനിലെത്തിയപ്പോൾ ഇയാൾ ഇറങ്ങിയോടി. ആർപിഎഫും സഹയാത്രക്കാരും പിടിച്ചുനിർത്താൻ ശ്രമിച്ചപ്പോൾ കത്രിക കൊണ്ടു യാത്രക്കാരന്റെ ചുമലിൽ കുത്തുകയായിരുന്നു.