മദ്യനിർമാണ പ്ലാന്റിന് അനുമതി; മന്ത്രി കൃഷ്ണൻകുട്ടിക്ക് വിമർശനം

Mail This Article
തിരുവനന്തപുരം∙ എലപ്പുള്ളിയിൽ മദ്യനിർമാണ പ്ലാന്റിന് പ്രാഥമികാനുമതി നൽകിയ മന്ത്രിസഭായോഗത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ജനതാദൾ (മാത്യു ടി.വിഭാഗം) യോഗത്തിൽ വിമർശനം. പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാടെടുക്കാത്ത മന്ത്രിയെ പിൻവലിക്കണമെന്നും സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ ആവശ്യമുയർന്നു. പകരം മന്ത്രിയായി േപരുയർന്നെങ്കിലും താൻ ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി.
മന്ത്രിമാറ്റം സംബന്ധിച്ച ചർച്ച തടഞ്ഞ അദ്ദേഹം, അത്തരമൊരു ചർച്ച വീറ്റോ ചെയ്യുന്നുവെന്നു പറഞ്ഞു. വീറ്റോ ചെയ്യാൻ ഇത് ഐക്യരാഷ്ട്ര സംഘടനയല്ലെന്നു നേതാക്കളിൽ ചിലർ പരിഹസിച്ചു. മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകുന്ന കാര്യം എൽഡിഎഫ് വിശദമായി ചർച്ച ചെയ്യണമെന്നും ആശങ്കകൾ പരിഹരിച്ച ശേഷമേ മുന്നോട്ടു പോകാവൂവെന്നും ആവശ്യമുയർന്നു.
അതൃപ്തി പരസ്യമാക്കി ആർജെഡിയും
തിരുവനന്തപുരം∙ എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമാണ പ്ലാന്റിന് അനുമതി നൽകിയ വിഷയം ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതിരുന്നത് തെറ്റായ സമീപനമാണെന്ന് ആർജെഡി. പ്ലാന്റിന് അനുമതി നൽകിയതിൽ അതൃപ്തി പരസ്യമാക്കിയ സിപിഐക്കും ജനതാദളിനും (മാത്യു ടി. വിഭാഗം) പിന്നാലെയാണ് ഘടകകക്ഷിയായ ആർജെഡിയും രംഗത്തുവന്നത്.
മറ്റു ഘടകകക്ഷികളുമായി ആലോചിക്കാതെ സിപിഐയുടെ ഓഫിസിൽ മാത്രമെത്തി കാര്യങ്ങൾ വിശദീകരിച്ച എക്‌സൈസ് മന്ത്രി എം.ബി.രാജേഷിന്റെ നടപടി തെറ്റായ പ്രവണതയാണെന്ന് ആർജെഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു. നയപരമായ തീരുമാനങ്ങൾ ഭരണമുന്നണിയുടെ ഏകോപന സമിതിയിൽ വച്ചതിനു ശേഷമാണ് മന്ത്രിസഭയിലേക്കു പോകേണ്ടത്.
എന്നാൽ, മദ്യനയം എൽഡിഎഫ് യോഗത്തിൽ വച്ചിട്ടില്ല. മുൻപുള്ള മദ്യനയങ്ങൾക്ക് ഒരു വർഷത്തെ കാലാവധി മാത്രമാണുള്ളത്. എല്ലാ വർഷവും നയം പുതുക്കാറുണ്ട്. എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യാതെ നേരിട്ട് മന്ത്രിസഭയിലെത്തിച്ച് അനുമതി നൽകിയതു ശരിയായ നിലപാടല്ല. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മുൻപ് എക്‌സൈസ് മന്ത്രിയായിരുന്നു. അദ്ദേഹത്തിന് ഈ നടപടിക്രമങ്ങളൊക്കെ അറിയാം. എൽഡിഎഫിൽ ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ ഈ തീരുമാനത്തെ ന്യായീകരിക്കാൻ ഘടകകക്ഷികൾക്കു കഴിയില്ല. ഫെബ്രുവരി രണ്ടിനു തിരുവനന്തപുരത്തു ചേരുന്ന പാർട്ടി സമിതി, പ്ലാന്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുമെന്ന് വർഗീസ് ജോർജ് പറഞ്ഞു.