ചൂരൽമല: ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ വീണ്ടും കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി

Mail This Article
കൊച്ചി∙ വയനാട്ടിലെ ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഹൈക്കോടതി വീണ്ടും കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. നേരത്തെ നിലപാടു തേടിയിട്ടും കേന്ദ്രം മൗനം തുടരുന്നതിനിടെയാണു ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വീണ്ടും നിർദേശം നൽകിയത്. ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജിയാണു കോടതിയിൽ. ടൗൺഷിപ് നിർമാണവുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ചയായപ്പോൾ, നിർമാണം തുടങ്ങട്ടെയെന്നും ബാക്കി കാര്യങ്ങളിൽ കോടതിയുടെ മേൽനോട്ടം ഉണ്ടെല്ലോ എന്നും ഡിവിഷൻ ബെഞ്ച് പ്രതികരിച്ചു.
-
Also Read
മലയോര സമരയാത്ര ഇന്ന് ഇടുക്കിയിൽ
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ നിർമിക്കുന്ന വീടിനു ചതുരശ്ര അടിക്ക് 3,000 രൂപ നിരക്കു നിശ്ചയിച്ചത് അനുചിതമാണെന്ന് ‘അമിക്കസ് ക്യൂറി’ അഡ്വ. രഞ്ജിത് തമ്പാൻ ചൂണ്ടിക്കാട്ടി. ലൈഫ് മിഷൻ പദ്ധതിയിൽ ചതുരശ്ര അടിക്ക് 400 രൂപ മാത്രമാണെന്നതും ശ്രദ്ധയിൽപ്പെടുത്തി. ഡൽഹി നിരക്കിലാണു നിർമാണച്ചെലവു നിശ്ചയിച്ചിട്ടുള്ളതെന്നും സാമഗ്രികൾ ഒന്നിച്ച് എടുക്കുമ്പോൾ ഇതു കുറയുമെന്നും സ്പെഷൽ ഗവ. പ്ലീഡർ വിശദീകരിച്ചു.
ടൗൺഷിപ്പിന്റെ രൂപ രേഖ തയാറാക്കിയ, കിഫ്ബിയുടെ സബ്സിഡിയറിയായ കിഫ്കോണിന്റെ സാങ്കേതിക പരിജ്ഞാനത്തെക്കുറിച്ചും കോടതിയിൽ ചർച്ച നടന്നു. പുനർനിർമാണ ജോലികൾ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കു മാത്രമായി നൽകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും കോടതിയിൽ നിന്നുണ്ടായി. ഊരാളുങ്കൽ സൊസൈറ്റിയുടെ 80 ശതമാനത്തിലേറെ ഓഹരി സർക്കാർ ഉടമസ്ഥതയിലാണെന്നു ഗവൺമെന്റ് പ്ലീഡർ അറിയിച്ചു. കേസ് വീണ്ടും ഫെബ്രുവരി 7നു പരിഗണിക്കും.