മുല്ലപ്പെരിയാർ: പരിശോധനയ്ക്ക് കേരളത്തിനു പുതിയ ബോട്ട്

Mail This Article
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കായി സംസ്ഥാന ജലസേചന വകുപ്പിന്റെ പുതിയ ബോട്ട്. ബോട്ടിന്റെ ഫ്ലാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. 12.40 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് വാങ്ങിയത്. ബോട്ട് നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പു നൽകിയിരുന്നു. പ്രദേശവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണു തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്റെ 15 വർഷം മുൻപു തകരാറിലായ ബോട്ടിനു പകരമാണ് പുതിയ ബോട്ട് . 10 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ ഉദ്യോഗസ്ഥർക്ക് 30 മിനിറ്റിനുള്ളിൽ തേക്കടി ബോട്ട് ലാൻഡിങ്ങിൽ നിന്നു മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തിച്ചേരാൻ കഴിയും.
ഡാമിന്റെയും താഴ്‌വാരങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി അണക്കെട്ടിന്റെ ജലനിരപ്പ്, മഴയുടെ അളവ്, നീരൊഴുക്ക്, തമിഴ്‌നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ്, ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്ന സാഹചര്യം, അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം എന്നിവ നിരീക്ഷിക്കുന്നതിനായി സംസ്ഥാന ജല വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്. ഇതുവരെ കേരള പൊലീസിന്റെയും വനം വകുപ്പിന്റെയും ബോട്ടുകളാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ആശ്രയിച്ചിരുന്നത്. പല അടിയന്തിര ഘട്ടങ്ങളിലും ബോട്ടുകൾ ലഭിക്കാതെ പരിശോധന മുടങ്ങിയിട്ടുണ്ട്.