ADVERTISEMENT

മലപ്പുറം ∙ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗിനെ മുന്നിൽനിന്നു നയിക്കുന്നത് പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ ആയിരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ‘കേരള സ്റ്റേറ്റ് 2’ (മന്ത്രിസഭയിലെ രണ്ടാമൻ) കുഞ്ഞാലിക്കുട്ടി തന്നെ ആയിരിക്കുമെന്നും തങ്ങൾ പറഞ്ഞു. 

അടുത്ത തവണ അധികാരത്തിലെത്തിയാൽ ലീഗിന് മുഖ്യമന്ത്രിയുണ്ടാകുമോ എന്ന ചോദ്യത്തിന് ‘കോൺഗ്രസ് സമ്മതിച്ചാൽ ഞങ്ങൾക്കും സന്തോഷം’ എന്നായിരുന്നു നേതാക്കളുടെ നർമം കലർന്ന പ്രതികരണം. മുഖ്യമന്ത്രി അല്ലെങ്കിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമോ എന്ന അവതാരകൻ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. മൂന്നുതവണ മത്സരിച്ചവരെ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഒരു കുടുംബത്തിൽനിന്ന് ഒന്നിലേറെപ്പേർ മത്സരിക്കുന്നതും ഒഴിവാക്കും.

മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ‘മ’ സാംസ്കാരികോത്സവത്തിൽ ‘മനസ്സുതുറന്ന്’ എന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ചർച്ച നിയന്ത്രിച്ചു. 

സമസ്തയുമായുള്ള പ്രശ്നങ്ങൾ‍ അവസാനിച്ചു വരികയാണെന്ന് തങ്ങൾ പറഞ്ഞു. എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും യുഡിഎഫിനെ പിന്തുണച്ചത് അവരുടെ നിലപാടാണ്. ലീഗ് ഒരിക്കലും രാഷ്ട്രീയ നിലപാടുകൾ മാറ്റിയിട്ടില്ലെന്നും തങ്ങൾ പറഞ്ഞു. സിപിഎമ്മിന് എസ്ഡിപിഐയുമായുള്ള ബന്ധം ഒരുകാലത്തും ലീഗിന് ഉണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

സ്ത്രീകൾ തുല്യരല്ലെന്ന പി.എം.എ.സലാമിന്റെ പ്രസ്താവന മറ്റൊരു പശ്ചാത്തലത്തിലായിരുന്നു. ബഹുസ്വര സമൂഹത്തിൽ സ്ത്രീകൾക്ക് അവസര സമത്വമുണ്ടെന്നു സാദിഖലി തങ്ങളും സ്ത്രീകൾക്ക് അർഹമായ എല്ലാ അവസരങ്ങളും കൊടുക്കണമെന്നു കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യുവാക്കളുടെ വലിയൊരു നിര തന്നെ ലീഗിൽ വളർന്നുവരികയാണെന്നും തനിക്കു ശേഷവും ലീഗിന് നേതൃദാരിദ്ര്യം ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summary:

P.K. Kunhalikutty will continue to lead the Muslim League: Panakkad Sadiq Ali Thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com