ശബരിമല: തീർഥാടനകാലം മികവുറ്റതാക്കാൻ പദ്ധതി

Mail This Article
തിരുവനന്തപുരം ∙ അടുത്ത മണ്ഡല– മകരവിളക്കു തീർഥാടനകാലം മികവുറ്റതാക്കാൻ ശബരിമലയിൽ പ്രത്യേക മിഷനുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദർശനത്തിനെത്തുന്ന ഭക്തർക്കു മെച്ചപ്പെട്ട സൗകര്യങ്ങളും സേവനവും നൽകുന്നതിനായി പമ്പ മുതൽ സന്നിധാനം വരെയുള്ള ദൂരം 40 പോയിന്റുകളായി തിരിച്ച് ഓരോയിടത്തും പ്രത്യേക സംവിധാനങ്ങളൊരുക്കും. ഒരു സ്പെഷൽ ഓഫിസർ, അസിസ്റ്റന്റ് സ്പെഷൽ ഓഫിസർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും ഓരോ പോയിന്റും. ക്ഷേത്രജീവനക്കാരും ദിവസവേതനക്കാരും ഉൾപ്പെടുന്ന ടീം ഇവർക്കു കീഴിൽ പ്രവർത്തിക്കും. 40 പോയിന്റുകളിലും സജ്ജമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ദേവസ്വം ബോർഡ് രൂപരേഖ തയാറാക്കി.
ശബരിമലയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള 1200 ജീവനക്കാരിൽ നിന്നുള്ള നിർദേശങ്ങളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ മാസവും ഒന്നിന് അവലോകന യോഗം നടക്കും. ആദ്യമായാണ് ദേവസ്വം ബോർഡ് മാസംതോറുമുള്ള ശബരിമല അവലോകന യോഗത്തിനു തുടക്കമിടുന്നത്. അപ്പം, അരവണ, നിവേദ്യം, കുടിവെള്ളം, താമസം, പാർക്കിങ്, സുരക്ഷ തുടങ്ങിയവയുടെ ഏകോപനത്തിനു സ്പെഷൽ ടീമുകളുണ്ടാകും. ശബരിമലയിലെ ടെൻഡർ നടപടികളും ഓരോ വിഭാഗത്തിലെയും സ്പെഷൽ ടീമുകളെ ഏൽപിക്കാനാണു നീക്കം. ഇതു വഴി നടപടികൾ കൂടുതൽ സുതാര്യവും അഴിമതിരഹിതവുമാകും എന്നാണു പ്രതീക്ഷ. ഭരണവേഗം വർധിപ്പിക്കാനും ഇ– ടെൻഡർ, ഇ– ബില്ലിങ്, ഇ– ഗവേണൻസ് എന്നിവയിൽ പരിശീലനം നൽകാനുമായി ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഐഎംജി കേരളയിൽ ക്ലാസുകൾ നൽകും.