ഇന്ന് ലോക ക്യാൻസർ ദിനം; ഒരു മാസത്തെ ക്യാംപെയ്ൻ ഇന്നുമുതൽ

Mail This Article
തിരുവനന്തപുരം ∙ കാൻസർ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നൽകിയിട്ടും തുടർപരിശോധനയ്ക്ക് ആളുകൾ സന്നദ്ധരാകാത്ത സാഹചര്യം കണക്കിലെടുത്തു സംസ്ഥാനത്ത് ഒരു മാസത്തെ ജനകീയ ക്യാംപെയ്ൻ ഇന്നാരംഭിക്കും. വൈകിട്ടു 4ന് ടഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര വനിതാദിനമായ മാർച്ച് 8 വരെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കാൻസർ അവബോധപ്രവർത്തനങ്ങളും പരിശോധനയും നടക്കും.
ശൈലി ആപ് വഴി ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിങ്ങിന്റെ ആദ്യഘട്ടത്തിൽ 9 ലക്ഷത്തോളം പേർക്ക് കാൻസർ സാധ്യതയുണ്ടെന്നു കണ്ടെത്തി. ഇവരിൽ 1.5 ലക്ഷം ആളുകൾ മാത്രമാണ് തുടർപരിശോധനകൾക്ക് സന്നദ്ധമായത്. ഇതു കണക്കിലെടുത്താണ് ‘ആരോഗ്യം ആനന്ദം- അകറ്റാം അർബുദം’ എന്ന പേരിൽ ക്യാംപെയ്ൻ ആരംഭിക്കുന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
സ്ക്രീനിങ് ഒരു മാസത്തിനകം നടത്തുമെങ്കിലും തുടർപ്രവർത്തനം ഒരു വർഷം ഉണ്ടാകും. ഇതിൽ ആദ്യഘട്ടം 30 വയസ്സു മുതൽ 65 വയസ്സുവരെയുള്ള സ്ത്രീകളെയാണു ലക്ഷ്യമിടുന്നത്. സ്തനാർബുദം, ഗർഭാശയഗള കാൻസർ (സെർവിക്കൽ കാൻസർ) എന്നിവയ്ക്ക് സ്‌ക്രീനിങ് നടത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കും. 855 ആരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ഈ ക്യാംപെയ്നിന്റെ ഭാഗമാക്കുമെന്നു മന്ത്രി വീണാ ജോർജും ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെയും പറഞ്ഞു.
ഡേറ്റബേസ് തയാറാക്കി മദ്രാസ് ഐഐടി
ചെന്നൈ ∙ സ്തനാർബുദ ഗവേഷണത്തിൽ പുതിയ സാധ്യതകൾ തുറക്കുന്ന ജനിതക ഡേറ്റബേസ് മദ്രാസ് ഐഐടി പുറത്തുവിട്ടു. പഠനത്തിന്റെ ഭാഗമായി, സ്തനാർബുദം ബാധിച്ച 480 പേരുടെ ജനിതക ശ്രേണീകരണം നടത്തിയതായി ഐഐടി മദ്രാസ് ഡയറക്ടർ പ്രഫ. വി.കാമകോടി പറഞ്ഞു. സ്തനാർബുദം നേരത്തെ കണ്ടുപിടിക്കാനും ഫലപ്രദമായ ചികിത്സ നൽകാനും പഠനത്തിലൂടെ കഴിയുമെന്ന് പ്രോജക്ട് കോഓർഡിനേറ്റർ പ്രഫ. എസ്.മഹാലിംഗം പറഞ്ഞു. വിശദാംശങ്ങൾക്ക് www.bcga.iitm.ac.in