ADVERTISEMENT

കോട്ടയം ∙ സി.കെ.ശ്യാംപ്രസാദ് വധക്കേസിൽ പ്രതി ജിബിൻ ജോർജിനെ സംഭവസ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുത്തു. ക്യാമറ കണ്ടതോടെ ജീപ്പിലിരുന്നു മുഖം മിനുക്കി, മുടിയൊക്കെ ഒതുക്കിയാണു ജിബിൻ പുറത്തിറങ്ങിയത്. തിങ്ങിനിറഞ്ഞ ആളുകൾക്കിടയിലൂടെ ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെയായിരുന്നു വരവ്. പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിടുന്നതും ചവിട്ടി വീഴ്ത്തിയതും മർദിച്ചതുമെല്ലാം തെല്ലും കുറ്റബോധമില്ലാതെ ജിബിൻ പൊലീസിനു കാട്ടിക്കൊടുത്തു. നെഞ്ചിനു ചവിട്ടി ഗുരുതര പരുക്കേൽപിച്ച സ്ഥലവും രീതിയും വിവരിച്ചു.

 ക്യാമറകളിൽ നിന്നു മുഖം മാറ്റാതെ തിരികെ ജീപ്പിൽ കയറി. കോട്ടയം ഡിവൈഎസ്‌പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ എറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസലും സംഘവുമാണ് ഇന്നലെ വൈകിട്ട് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്.

സംഘർഷത്തിലേക്ക് നയിച്ചത് പെട്ടിക്കടകൾ തമ്മിലുള്ള തർക്കം?


തെള്ളകത്തെ ബാർ ഹോട്ടലിനു സമീപം എംസി റോഡിൽ 2 പെട്ടിക്കടകളാണ് ഉള്ളത്. ഇതിൽ പ്രകാശ് എന്നയാളുടെ പെട്ടിക്കട കുറെക്കാലമായി ഇവിടെയുണ്ട്. 6 മാസം മുൻപാണു സാലി ശശിധരൻ കട തുടങ്ങിയത്.

 ഇതോടെ ഇരുവരും തമ്മിൽ തർക്കമായി. പാൻമസാലയും മറ്റു ലഹരി വസ്തുക്കളും വിൽപന നടത്തുന്നുണ്ടെന്നു 2 കടക്കാരും പരസ്പരം ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ചു പൊലീസിലും പരാതി നിലവിലുണ്ട്.

പേര് കോക്കാടൻ; തൊഴിൽ മോഷണവും അടിപിടിയും

ജിബിൻ ജോർജ് എന്നു പറഞ്ഞാൽ അധികമാർക്കും പിടികിട്ടില്ല. സുഹൃത്തുക്കൾക്കിടയിൽ കോക്കാടൻ എന്നാണു ജിബിന്റെ വിളിപ്പേര്. വധശ്രമം, മോഷണം, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണു കോക്കാടൻ ജിബിൻ. 

  ബാറുകളിൽ കയറി മറ്റുള്ളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കുക പതിവ്‌ വിനോദമാണെന്നു നാട്ടുകാർ പറയുന്നു. സംഭവദിവസം വൈകിട്ടും ജിബിനെയും സംഘത്തെയും ബാറിൽ കണ്ടവരുണ്ട്. കഴിഞ്ഞ 13നു പാറമ്പുഴ സ്വദേശി വിനീതിനെയും സഹോദരനെയും ആക്രമിച്ച കേസിൽ ജിബിനും സുഹൃത്തുക്കൾക്കുമെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതി നിലവിലുണ്ട്.

ജിബിനൊപ്പം ഉണ്ടായിരുന്ന ആ 3 പേർ എവിടെ ? 

സംഭവദിവസം വൈകിട്ടു മുതൽ പ്രകാശന്റെ കടയിൽ ജിബിൻ ഉൾപ്പെടെ 4 പേർ ഉണ്ടായിരുന്നു. ഇവർ‌ ലഹരിയിൽ വലിയ ബഹളമായിരുന്നെന്നു സാലി പറയുന്നു. തുടർന്നു പരസ്പരം തർക്കവും കയ്യാങ്കളിയും നടന്നു. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ പദ്ധതിയെന്നു സാലി പറയുന്നു. 

  തുടർന്നു 11.30നു സാലിയുടെ കടയിലെത്തിയ ജിബിൻ കട അടയ്ക്കാൻ സമ്മതിക്കാതെ തർക്കം തുടങ്ങി. ഈ സമയം കടയിൽ സാലിയും 4 വയസ്സുള്ള കൊച്ചുമകനും സഹോദരൻ ബിജേഷും ഉണ്ടായിരുന്നു. ഇതിനിടിയിലാണു ശ്യാംപ്ര‌സാദ് സംഭവ സ്ഥലത്തേക്ക് എത്തുന്നത്. ശ്യാംപ്രസാദിനെ പ്രതി മർദിക്കുമ്പോഴും പ്രകാശന്റെ കടയിൽ ജിബിന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും എന്നാൽ പൊലീസ് എത്തിയപ്പോൾ ഇവർ കടന്നുകളഞ്ഞെന്നും സാലി പറയുന്നു. ‌

English Summary:

Civil Police Officer's Murder: Unfazed during evidence collection; Smiled for the cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com