സിവിൽ പൊലീസ് ഓഫീസറുടെ കൊലപാതകം: കണ്ണീർ പാടത്തിനരികെ നിരാലംബം ആ വീട്...

Mail This Article
കുറുപ്പന്തറ ∙ ശ്യാംപ്രസാദിന്റെ മരണത്തോടെ നിരാലംബരായി ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളും. ശ്യാംപ്രസാദിന്റെ ജോലിയായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. ഭാര്യ അമ്പിളി വീടിനു സമീപത്തെ ഹോട്ടലിൽ ജോലിക്കു പോയിരുന്നു. മൂത്തമകൾ ലക്ഷ്മി ഒൻപതാം ക്ലാസിലും മകൻ ശ്രീഹരി ആറിലും ഇളയമകൾ സേതുലക്ഷ്മി നാലാം ക്ലാസിലും പഠിക്കുന്നു. മാഞ്ഞൂർ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം പാടത്തിനരികിലുള്ള 30 സെന്റ് സ്ഥലവും വീടുമാണു കുടുംബത്തിനുള്ളത്.
നാല് വർഷം മുൻപാണു ശ്യാംപ്രസാദിനു പൊലീസിൽ ജോലി ലഭിക്കുന്നത്. അതിനു മുൻപ് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് കെഎസ്ആർടിസിയിലും ജോലി ലഭിച്ചു. പൊലീസിൽ ജോലി ലഭിച്ചപ്പോഴും ശ്യാംപ്രസാദ് തന്റെ ഓട്ടോറിക്ഷ വിറ്റിരുന്നില്ല. മക്കളെ രാവിലെ ഓട്ടോറിക്ഷയിൽ സ്കൂളിലെത്തിച്ച ശേഷമായിരുന്നു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കായി എത്തിയിരുന്നത്. ചെറിയ വരുമാനത്തിനായി വീട്ടിൽ കന്നുകാലികളെയും വളർത്തിയിരുന്നു.
ഭാര്യ അമ്പിളിയെ ആശ്വസിപ്പിക്കാനാകാതെ സഹപ്രവർത്തകർ
കുറുപ്പന്തറ ∙‘ ശ്യാമേട്ടാ... ആർക്കായിരുന്നു ഇത്ര വിരോധം ശ്യാമേട്ടനോട്... കണ്ണു തുറന്നൊന്നു നോക്കൂ ശ്യാമേട്ടാ...’ മൃതദേഹത്തിനരികിൽ വീണു കരയുന്ന ഭാര്യ അമ്പിളിയെ ആശ്വസിപ്പിക്കാനായില്ല ശ്യാംപ്രസാദിന്റെ സഹപ്രവർത്തകർക്ക്. രാവിലെ മുതൽ വീട്ടിലുണ്ടായിരുന്ന കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.എസ്. വിദ്യയാണ് അമ്പിളിയെ ആശ്വസിപ്പിക്കാൻ അരികിലുണ്ടായിരുന്നത്. ചവിട്ടി വീഴ്ത്തി ക്രൂരമായി ചവിട്ടിക്കൊല്ലാൻ തക്ക പ്രകോപനമൊന്നും ശ്യാമിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല എന്നു പൊലീസ് പറയുന്നു.
പരുക്കേറ്റ ശ്യാംപ്രസാദിന്റെ നില വഷളായതോടെ മാഞ്ഞൂരിലെ വീട്ടിൽ നിന്ന് അമ്പിളിയെ പുലർച്ചെ തന്നെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. മരണം സ്ഥിരീകരിച്ചതോടെ അമ്പിളിയെ തിരികെ വീട്ടിലെത്തിച്ചിരുന്നു. ഇന്നലെ ഭാര്യാപിതാവിനെ ആശുപത്രിയിൽ കാണിക്കാൻ ശ്യാംപ്രസാദും അമ്പിളിയും പോകാനിരിക്കുകയായിരുന്നു.