മനോരമ വാർത്ത തുണയായി; കാഴ്ചപരിമിതരടങ്ങുന്ന കുടുംബത്തിന്റെ ശുദ്ധജല കണക്‌ഷൻ പുനഃസ്ഥാപിച്ചു

Mail This Article
തിരുവല്ല ∙ കാഴ്ചപരിമിതരായ 4 അംഗങ്ങളുള്ള ദലിത് കുടുംബത്തിനു മുന്നിൽ ഒടുവിൽ നീതിയുടെ വെളിച്ചം തെളിഞ്ഞു. ബിൽ അടയ്ക്കാത്തതിനെതുടർന്ന് ഒരു വർഷം മുൻപ് ശുദ്ധജല കണക്‌ഷൻ വിഛേദിക്കപ്പെട്ട പട്ടികജാതി കുടുംബത്തിന് രമേശ് ചെന്നിത്തല എംഎൽഎയുടെ ഗാന്ധിഗ്രാം പദ്ധതിയിൽനിന്ന് കുടിശിക അടച്ച് കണക്‌ഷൻ പുനഃസ്ഥാപിച്ചു. കാഴ്ചപരിമിതരായ, പെരിങ്ങര വേങ്ങൽ വലിയപറമ്പിൽ വീട്ടിലെ ഓമനക്കുട്ടനും 3 മക്കളുമടങ്ങുന്ന കുടുംബത്തിനാണ് വീട്ടിൽ പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചത്.
ഇന്നലെ മനോരമയിൽ വാർത്ത വന്നതിനെ തുടർന്ന് രമേശ് ചെന്നിത്തല എംഎൽഎ മന്ത്രി റോഷി അഗസ്റ്റിനുമായി ബന്ധപ്പെട്ടെങ്കിലും റവന്യു റിക്കവറി നടപടി ആയതോടെ പണം അടയ്ക്കാതിരിക്കാൻ നിർവാഹമില്ലാതെ വന്നു. തുടർന്നാണ് ഗാന്ധിഗ്രാം പദ്ധതിയിൽനിന്നു പണം നൽകാൻ തീരുമാനിച്ചത്.
പദ്ധതി കൺവീനർ ഈപ്പൻ കുര്യൻ, ചീഫ് കോഓർഡിനേറ്റർ റോജി കാട്ടാശ്ശേരി എന്നിവർ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുമായി ചർച്ച നടത്തി കുടിശിക തുക അടച്ചു. വൈകിട്ടോടെ കണക്‌ഷൻ പുനഃസ്ഥാപിച്ചു. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ രാജീവ് ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റ് പെട്ടിക്കടയും ലോട്ടറി വ്യാപാരവും നടത്താൻ ഓമനക്കുട്ടന് 25,000 രൂപ കൈമാറി. 3 കുട്ടികൾക്കും ഒരു വർഷത്തേക്ക് പഠനാവശ്യത്തിന് 5000 രൂപ വീതം നൽകാമെന്ന് അറിയിച്ചു.