ഒന്നരമാസം മുൻപ് കാണാതായ ഗൃഹനാഥന്റെ അസ്ഥികൂടം കണ്ടെത്തി; ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന വേണ്ടിവരും

Mail This Article
പാലാ ∙ ഒന്നരമാസം മുൻപു കാണാതായ മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യു തോമസിന്റെ (മാത്തച്ചൻ–84) അസ്ഥികൂടം കണ്ടെത്തി. വസ്ത്രാവശിഷ്ടങ്ങളിൽ നിന്നാണ് അസ്ഥികൂടം മാത്യുവിന്റേതെന്നു സ്ഥിരീകരിച്ചതെന്നു ഡിവൈഎസ്പി കെ.സദൻ പറഞ്ഞു. കഴിഞ്ഞ ഡിസംബർ 21നു രാവിലെ നടക്കാനിറങ്ങിയ മാത്യുവിനെ കാണാതാവുകയായിരുന്നു.
മേവിട - മൂലേത്തുണ്ടി റോഡിലെ കേറ്ററിങ് സ്ഥാപനത്തിനു സമീപമുള്ള സ്വകാര്യ പുരയിടത്തിലെ കൈതത്തോട്ടത്തിൽ ഇന്നലെ വൈകിട്ടാണ് അസ്ഥികൂടം കണ്ടെത്തിയത്. മാത്യുവിന്റെ വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെയുള്ള റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ല് ചെത്താനെത്തിയ ബന്ധുവാണ് അസ്ഥികൂടം കണ്ടത്.
ഇന്നു ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയെത്തി തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷം ഇൻക്വസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്കായി അസ്ഥികൂടം മാറ്റുമെന്ന് എസ്എച്ച്ഒ ജോബിൻ ആന്റണി പറഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ അസ്ഥികൂടം ആരുടേതാണെന്നു ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ കഴിയൂ.