മരുന്നു വിതരണത്തിൽ കുടിശിക, പ്രതിസന്ധി കടുത്തു; 400 കോടി കടമെടുക്കുന്നു

Mail This Article
തിരുവനന്തപുരം ∙ ഗവ. ആശുപത്രികൾക്കു മരുന്നു വിതരണം ചെയ്ത കമ്പനികൾക്കുള്ള കുടിശിക നൽകാൻ സർക്കാർ കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നു 10% പലിശയ്ക്കു 400 കോടി രൂപ കടമെടുക്കുന്നു. ഇതിൽ 150 കോടി രൂപ അനുവദിച്ചു. ഈ തുക മരുന്നു സംഭരണം നടത്തുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷനു (കെഎംഎസ്‌സിഎൽ) കൈമാറും. 6 മാസം കൊണ്ടാണ് 400 കോടി ലഭിക്കുക. മുഴുവൻ തുകയും ഒന്നിച്ചു വേണമെന്നു കെഎംഎസ്‌സിഎൽ ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ അംഗീകരിച്ചില്ല. സർക്കാർ കഴിഞ്ഞദിവസം 200 കോടി രൂപ അനുവദിച്ചതിനു പുറമേയാണു കടമെടുപ്പ്.
കുടിശിക വിതരണം വൈകിയതിനാൽ പ്രധാനപ്പെട്ട പല കമ്പനികളും അടുത്ത വർഷത്തേക്കു മരുന്നു സംഭരിക്കാനുള്ള ടെൻഡറിൽ പങ്കെടുത്തില്ല.
ടെൻഡർ സമർപ്പിക്കേണ്ട കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. 2020–21 മുതൽ ജനുവരി 9 വരെയുള്ള കണക്കനുസരിച്ചുള്ള 693 കോടി രൂപ ലഭിക്കാതെ മരുന്നു നൽകില്ലെന്നാണു കമ്പനികളുടെ നിലപാട്. കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്നു വന്നതോടെയാണു കടമെടുപ്പിലേക്കു കടന്നത്. വൻകിട കമ്പനികൾ വിട്ടുനിന്നതിനാൽ പുതിയ കമ്പനികൾ നൽകിയ ടെൻഡറാണു നാളെ തുറക്കുക. കെഎംഎസ്‍സിഎൽ നിശ്ചയിച്ച യോഗ്യതകൾ ഇല്ലാത്ത കമ്പനികളാണെങ്കിൽ കരാറിൽ ഏർപ്പെടാനാകില്ല. അപ്പോൾ റീ ടെൻഡർ വേണ്ടിവരും. ഏതു വിധേനയും ടെൻഡർ ലഭിക്കാൻ പുതിയ കമ്പനികൾ ശ്രമം നടത്തുന്നുണ്ട്.