ബ്രൂവറിക്കു പിന്നാലെ കിഫ്ബി ടോൾ; ഒന്നും അറിയാതെ ഘടകകക്ഷികൾ

Mail This Article
തിരുവനന്തപുരം∙ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കവും എൽഡിഎഫിൽ വേണ്ടത്ര ചർച്ചയോ നയപരമായ തീരുമാനമോ ഇല്ലാതെ. ഈ വിഷയത്തിൽ എൽഡിഎഫിൽ ആലോചന നടന്നെന്നും തീരുമാനം എടുത്തെന്നും കൺവീനർ ടി.പി.രാമകൃഷ്ണൻ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച പരാമർശം മാത്രമാണ് ഏതാനും മാസം മുൻപു നടന്ന മുന്നണി യോഗത്തിൽ ഉണ്ടായതെന്നും ചർച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും ഘടകകക്ഷികൾ വ്യക്തമാക്കുന്നു. ഫലത്തിൽ എലപ്പുള്ളിയിൽ മദ്യ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി നൽകിയതു പോലെ കിഫ്ബി ടോളിലും ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിയാണ് സിപിഎം നേതൃത്വത്തിന്റെ നീക്കമെന്നു വ്യക്തം. എങ്കിലും ഈ വിഷയത്തിൽ പരസ്യപ്രതികരണത്തിനു ഘടകകക്ഷികൾ തയാറല്ല. മുന്നണിയിലെ തിരുത്തൽ ശക്തിയാകാൻ ആഗ്രഹിക്കുന്ന സിപിഐയും മൗനത്തിൽ തന്നെ. പ്രതികരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വിഷയം ചർച്ച ചെയ്തോയെന്ന് ഓർമയില്ലെന്നാണു മുൻമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.
കേന്ദ്ര സർക്കാർ കേരളത്തിന് ആവശ്യമായ ധനസഹായം നൽകാത്തതിനെതിരായ പ്രക്ഷോഭം ചർച്ച ചെയ്യാനായി ചേർന്ന എൽഡിഎഫ് യോഗത്തിലാണു കിഫ്ബി ബാധ്യത പരാമർശിക്കപ്പെട്ടത്. കിഫ്ബി വായ്പയുടെ ബാധ്യത കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും അതിനാൽ കിഫ്ബി പദ്ധതികളിൽനിന്നു വരുമാനം കണ്ടെത്തുന്നതു ഭാവിയിൽ പരിഗണിക്കേണ്ടി വരുമെന്നുമായിരുന്നു സിപിഎം നേതൃത്വത്തിൽ നിന്നുള്ള പരാമർശം. പെട്ടെന്നു തീരുമാനം ആവശ്യമില്ലാത്ത വിഷയമായതിനാൽ അതിൽ ചർച്ച ഉണ്ടായില്ലെന്നാണു ഘടകകക്ഷി നേതാക്കൾ നൽകുന്ന വിവരം.