സിപിഎം സമ്മേളനത്തിന്റെ കൊടിതോരണങ്ങൾ നീക്കാൻ ശ്രമം; ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം

Mail This Article
കാഞ്ഞങ്ങാട്(കാസർകോട്) ∙ സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനിടെ, നഗരത്തിൽ സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ പ്രവർത്തകർ കയ്യേറ്റം ചെയ്തു. കൊടിതോരണങ്ങൾ നഗരസഭയുടെ വാഹനത്തിൽനിന്നു ബലമായി തിരിച്ചെടുത്ത പ്രവർത്തകർ സ്ത്രീകളടക്കമുള്ള ജീവനക്കാരോടു തട്ടിക്കയറി. പൊതുസ്ഥലത്തെ പ്രചാരണ വസ്തുക്കൾ പരിശോധിക്കാൻ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഇന്നു കാഞ്ഞങ്ങാട് സന്ദർശിക്കാനിരിക്കെയാണ് സിപിഎം ഭരണത്തിലുള്ള നഗരസഭയുടെ അപ്രതീക്ഷിത നീക്കം. നേരത്തേ, ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ വസ്തുക്കൾ നീക്കാൻ ശ്രമിച്ച സെക്രട്ടറിയെ സ്ഥലംമാറ്റിയിരുന്നു. പകരമെത്തിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഇന്നലത്തെ നടപടി.
വൈകിട്ട് 5.30നു സെക്രട്ടറിയുടെ നേതൃത്വത്തിൽ ജീവനക്കാർ 2 വാഹനങ്ങളിലായി വ്യാപാരഭവനു മുന്നിലെ ജംക്‌ഷനിലെത്തി കൊടിതോരണങ്ങളും ബോർഡുകളും നീക്കിത്തുടങ്ങി. ആദ്യം സംയമനം പാലിച്ച പ്രവർത്തകർ പിന്നീടു സംഘടിച്ചെത്തി ജീവനക്കാരെ തടഞ്ഞു. ഇതിനിടെ, രക്തസാക്ഷികളുടെ ചിത്രമടങ്ങിയ ബോർഡ് മറിച്ചിട്ട നിലയിൽ കണ്ടെത്തിയതോടെ പ്രതിഷേധം കനത്തു. കയ്യാങ്കളിയിലേക്കു നീങ്ങുന്നതിനിടെ പൊലീസ് നഗരസഭാ ജീവനക്കാരെ വാഹനങ്ങളിൽ കയറ്റി തിരിച്ചയച്ചു. വാഹനത്തെ പിന്തുടർന്നും കയ്യേറ്റശ്രമമുണ്ടായി. ഏരിയ സെക്രട്ടറി കെ.രാജ്മോഹൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തിയാണു പ്രവർത്തകരെ അനുനയിപ്പിച്ചത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശപ്രകാരമാണ് അമിക്കസ്ക്യൂറി അഡ്വ.ഹരീഷ് വാസുദേവൻ സംഭവത്തിൽ ഇടപെടുന്നത്. നിയമലംഘനം സംബന്ധിച്ചു കോടതിക്കു ലഭിച്ച പരാതിക്കു പുറമേ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രങ്ങളും തെളിവായി സ്വീകരിച്ച അമിക്കസ് ക്യൂറി കൊടിതോരണങ്ങൾ ഉടൻ നീക്കണമെന്നു നഗരസഭയ്ക്കു നിർദേശം നൽകുകയായിരുന്നു. അമിക്കസ് ക്യൂറി ഇന്നു കോടതിക്കു റിപ്പോർട്ട് നൽകിയേക്കും.