കർഷകമനമറിഞ്ഞ് ചർച്ചകൾ; പ്രതീക്ഷയായി പ്രഖ്യാപനങ്ങൾ കർഷകശ്രീ കർഷകസഭയ്ക്ക് സാർഥകമായ സമാപനം

Mail This Article
കട്ടപ്പന ∙ മലയാള മനോരമ ‘കർഷകശ്രീ’ മാസികയുടെ 30–ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്താകെ നടത്തുന്ന കർഷകസഭകളിൽ ആദ്യത്തേതിനു കട്ടപ്പനയിൽ ഉജ്വല സമാപനം.
മൂന്നു ദിവസമായി നടത്തിയ കർഷകസഭയിൽ കർഷകർ കാത്തിരുന്ന ഒട്ടേറെ പ്രഖ്യാപനങ്ങൾ മന്ത്രിമാരിൽനിന്നുണ്ടായതു നേട്ടമായി.
ഭൂപതിവ് ഭേദഗതി നിയമം മാർച്ചിൽ നടപ്പാക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രഖ്യാപനവും വന്യമൃഗശല്യം പരിഹരിക്കാൻ വനാതിർത്തിയിൽ 100 മീറ്റർ വരെ ഉള്ളിലേക്കു കാടു തെളിക്കുമെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രഖ്യാപനവും കർഷകസമൂഹത്തിന് ആശ്വാസമായി.
കർഷകസഭയിൽ ആകെ 6 സെമിനാറുകൾ നടന്നു. ഇന്നലെ രാവിലെ കുരുമുളകു വിപണിയുമായി ബന്ധപ്പെട്ട സെമിനാർ കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ ഉൽപന്നങ്ങൾ ബ്രാൻഡ് ചെയ്തു വിൽക്കാൻ വേണ്ട സഹായം ജില്ലാ ഭരണകൂടം ലഭ്യമാക്കുമെന്നു കലക്ടർ അറിയിച്ചു.
മലയോരത്തെ പുതിയ കൃഷി, സംരംഭ സാധ്യതകൾ എന്ന വിഷയത്തിൽ ഉച്ചയ്ക്കു നടത്തിയ ചർച്ച എൻ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
സെമിനാറുകളിൽ പങ്കെടുക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു സമ്മാനങ്ങളും ഉണ്ടായിരുന്നു.