പ്രീ പ്രൈമറി വേതനം 27,500 രൂപ വരെയാക്കണം: െഹെക്കോടതി

Mail This Article
കൊച്ചി ∙ സംസ്ഥാനത്ത് ഗവൺമെന്റ് സ്കൂളുകളിൽ പിടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിൽ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓൾ കേരള പ്രീ പ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരുമുൾപ്പെടെ നൽകിയ ഹർജികളിലാണു ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. വർധന അടുത്തമാസം തന്നെ നടപ്പാക്കി ഏപ്രിൽ മുതൽ നൽകണം.
2012 ൽ അധ്യാപകർക്കും ആയമാർക്കും യഥാക്രമം 5000 രൂപ, 3500 രൂപ എന്നിങ്ങനെ കോടതി തുക നിശ്ചയിച്ചിരുന്നു. സർക്കാർ പിന്നീട് പലപ്പോഴായി തുക വർധിപ്പിച്ച് ഇപ്പോൾ 12,500, 7500 രൂപ വീതമാണു കിട്ടുന്നത്.
ജീവിതച്ചെലവിലെ വർധന കണക്കാക്കിയാൽ തുക കൂട്ടിയേ തീരൂവെന്നു കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നതു പ്രീ പ്രൈമറി തലത്തിലാണെന്നും ഓർമിപ്പിച്ചു. സർക്കാർ എത്രയും വേഗം സേവന വ്യവസ്ഥകൾ തയാറാക്കണം. മുൻ ഉത്തരവുണ്ടായ 2012 ഓഗസ്റ്റ് 1 മുതൽ പുതിയ നിരക്കിൽ കുടിശിക കണക്കാക്കി 6 മാസത്തിനുള്ളിൽ നൽകണമെന്നും നിർദേശിച്ചു.
സേവന വ്യവസ്ഥകൾക്കു രൂപം നൽകണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ 2012 ഓഗസ്റ്റ് ഒന്നിനുള്ള നിർദേശം ഇപ്പോഴും നടപ്പായിട്ടില്ല. ഹർജിക്കാർക്കു വേണ്ടി സീനിയർ അഭിഭാഷകരായ ഏബ്രഹാം വാക്കനാൽ, ജോർജ് പൂന്തോട്ടം തുടങ്ങിയവർ ഹാജരായി.
∙ ‘മാന്യമായ വേതനം ഉറപ്പാക്കണമെന്നതിൽ തർക്കമില്ലെങ്കിലും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന വിധിയാണിത്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനമെടുക്കും. കൃത്യമായ സേവന–വേതന വ്യവസ്ഥകളും രൂപീകരിക്കേണ്ടതുണ്ട്.’ – വി.ശിവൻകുട്ടി,