ടോൾ പിരിവ് വന്നാൽ ബാധകം അൻപതോളം റോഡുകളിൽ; യാത്രച്ചെലവ് വൻതോതിൽ വർധിക്കും

Mail This Article
തിരുവനന്തപുരം ∙ കിഫ്ബിയുടെ ധനസഹായത്തോടെ നിർമിച്ച റോഡുകളിൽ സർക്കാർ ടോൾ പിരിക്കാൻ തീരുമാനിച്ചാൽ അൻപതോളം റോഡുകളിൽ യാത്ര ചെയ്യുന്നവരുടെ പോക്കറ്റിൽ നിന്നു പണം പോകും. പൊതുമരാമത്ത് വകുപ്പിന്റേതു മാത്രമായി 511 പദ്ധതികളാണു കിഫ്ബി നടപ്പാക്കുന്നത്. ഇൗ പദ്ധതികൾക്കായി 32,000 കോടി ചെലവിടുന്നെന്നാണു കണക്ക്.
ഇത്രത്തോളം പണം റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമിക്കാൻ ചെലവിടുമ്പോൾ അതിൽ നിന്നു വരുമാനവും ഉറപ്പാക്കണമെന്നാണു കിഫ്ബിയുടെ നിലപാട്. 50 കോടി രൂപയ്ക്കു മേൽ ചെലവിട്ട റോഡുകളിൽ നിന്നു ടോൾ പിരിക്കാനാണ് നിലവിലെ ആലോചന.
തിരുവനന്തപുരത്തെ പ്രാവച്ചമ്പലം – കൊടിനട നാലുവരിപ്പാത, വഴയില നാലുവരിപ്പാത, വികസിപ്പിക്കുന്ന വട്ടിയൂർക്കാവ് ജംക്‌ഷൻ, കൊട്ടാരക്കര ബൈപാസ്, കുട്ടിക്കാനം – ചപ്പാത്ത് മലയോര ഹൈവേ, മലയോര പാതയുടെ മറ്റു ജില്ലകളിലെ റീച്ചുകൾ, നിർമാണം നടക്കുന്ന തീരദേശ ഹൈവേ, അങ്കമാലി – കൊച്ചി എയർപോർട്ട് ബൈപാസ്, മുവാറ്റുപുഴ, പെരുമ്പാവൂർ ബൈപാസുകൾ തുടങ്ങിയവയിലൊക്കെ ടോൾ പിരിവ് വരാം.
ടോൾ ബൂത്തുകൾ ഒഴിവാക്കി ജിപിഎസ് വഴിയും ക്യാമറ വഴിയും ടോൾ പിരിക്കാൻ തുടങ്ങിയാൽ യാത്രക്കാർ അറിയാതെ തന്നെ പണം പോകും. യാത്രച്ചെലവു വൻതോതിൽ വർധിക്കും. കിഫ്ബിയുടെ ആവശ്യം സർക്കാർ അംഗീകരിച്ച നിലയ്ക്ക് ഇനി ഭേദഗതി ബിൽ നിയമസഭയിലെത്തിക്കുകയാണ് അടുത്ത നീക്കം. പ്രതിപക്ഷവുമായി സഹകരിച്ച് ബിൽ പാസാക്കാൻ സർക്കാർ ശ്രമം നടത്തുന്നുണ്ട്. നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ കിഫ്ബിയുടെ ധനസമാഹരണ മാർഗങ്ങളെക്കുറിച്ച് പരാമർശം ഉണ്ടാകുമെന്നാണു കരുതുന്നത്. നിർമാണം പുരോഗമിക്കുന്ന ദേശീയപാത അതോറിറ്റി റോഡുകളിലും വൈകാതെ ടോൾ വരികയാണ്.
എൽഡിഎഫ് ‘ടോൾ ഫ്രീ’ നയം മാറ്റി പിരിവിന്
ആലപ്പുഴ ∙ ഒന്നാം പിണറായി സർക്കാർ റോഡുകളെയും പാലങ്ങളെയും ‘ടോൾ ഫ്രീ’യാക്കിയത് എൽഡിഎഫ് നയമനുസരിച്ച്. ടോൾ പിരിക്കില്ലെന്നു 2016ലെ എൽഡിഎഫ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും നിലപാടു മാറ്റിയില്ല. ഇപ്പോൾ കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള നീക്കം മുൻനിലപാടിൽ നിന്നുള്ള വഴിതെറ്റൽ.
ജി.സുധാകരൻ മരാമത്തു മന്ത്രിയായിരിക്കുമ്പോൾ 2018 ഡിസംബറിൽ 14ന് വലിയ പാലങ്ങളിലെ ടോൾ പിരിവ് അവസാനിപ്പിച്ച് ഉത്തരവിട്ടതോടെയാണു സംസ്ഥാന പദ്ധതികളിൽ ടോൾ പൂർണമായും ഇല്ലാതായത്. ഇതിൽ ചില പാലങ്ങളിൽ 15 വർഷമായി ടോൾ പിരിക്കുന്നുണ്ടായിരുന്നു. ഇവയ്ക്കെല്ലാം കൂടി 208.04 കോടി രൂപ ചെലവിട്ടപ്പോൾ അതിന്റെ 2.5% (5.2134 കോടി) മാത്രമേ ടോൾ ഇനത്തിൽ ലഭിച്ചിരുന്നുള്ളൂ.